അപ്പോ.പ്രവൃത്തികൾ 1:4-11

അപ്പോ.പ്രവൃത്തികൾ 1:4-11 MCV

ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.” അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു. അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.” ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു. ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു! “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.