2 ശമുവേൽ 6:1-11

2 ശമുവേൽ 6:1-11 MCV

ദാവീദ് വീണ്ടും ഇസ്രായേലിൽ, തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു മുപ്പതിനായിരം വീരയോദ്ധാക്കളെ ഒരുമിച്ചുകൂട്ടി. അവരോടൊപ്പം അദ്ദേഹം യെഹൂദ്യയിലെ ബാലായിലേക്ക് പുറപ്പെട്ടു. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന ദൈവത്തിന്റെ പേടകം അവിടെനിന്നു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു. ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു. അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു. ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി, കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ കൈനീട്ടി ദൈവത്തിന്റെ പേടകത്തിൽ പിടിച്ചു. അയാളുടെ ഈ അനാദരവുമൂലം യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു; ദൈവം അയാളെ സംഹരിച്ചു. അയാൾ ദൈവത്തിന്റെ പേടകത്തിനു സമീപംതന്നെ മരിച്ചുവീണു. യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി. ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ എന്നു വിളിച്ചുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടു. “യഹോവയുടെ പേടകം എന്റെ അടുത്തേക്കു കൊണ്ടുവരുന്നതെങ്ങനെ,” എന്ന് അദ്ദേഹം പറഞ്ഞു. യഹോവയുടെ പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുപോകുന്നതിന് അദ്ദേഹം താത്പര്യപ്പെട്ടില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു. യഹോവയുടെ പേടകം ഗിത്യനായ ഓബേദ്-ഏദോമിന്റെ ഭവനത്തിൽ മൂന്നുമാസം ഇരുന്നു; യഹോവ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും അനുഗ്രഹിച്ചു.