2 ശമുവേൽ 2

2
ദാവീദ് യെഹൂദാരാജാവായി അഭിഷേകംചെയ്യപ്പെടുന്നു
1ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു.
“പോകുക,” എന്ന് യഹോവ കൽപ്പിച്ചു.
“എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു.
“ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി.
2യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി. 3തന്റെ അനുയായികളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ഹെബ്രോനിലും അതിന്റെ പട്ടണങ്ങളിലുമായി അവർ താമസമുറപ്പിച്ചു. 4അപ്പോൾ യെഹൂദാപുരുഷന്മാർ ഹെബ്രോനിലേക്കു വന്നു. അവിടെവെച്ച് അവർ ദാവീദിനെ യെഹൂദാഗോത്രത്തിനു രാജാവായി അഭിഷേകംചെയ്തു.
ഗിലെയാദിലെ യാബേശ് നിവാസികളാണു ശൗലിനെ സംസ്കരിച്ചതെന്ന് ദാവീദിന് അറിവുകിട്ടി. 5അപ്പോൾ അദ്ദേഹം അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഈ വിധം പറയിച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതുവഴി അദ്ദേഹത്തോടു നിങ്ങൾ കാരുണ്യം കാട്ടിയതിനാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! 6യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ! നിങ്ങൾ ഈ വിധം പ്രവർത്തിച്ചതുകൊണ്ട് ഞാനും നിങ്ങളോടു ദയയും വിശ്വസ്തതയും പുലർത്തും. 7നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.”
ദാവീദിന്റെയും ശൗലിന്റെയും ഭവനങ്ങൾതമ്മിൽ യുദ്ധം
8ഇതിനിടെ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനുമായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ#2:8 എശ്-ബാൽ, ഈശ്-ബോശെത്ത് എന്നതിന്റെ മറ്റൊരുപേര്. മഹനയീമിലേക്കു കൂട്ടിക്കൊണ്ടുവന്നു. 9അവിടെവെച്ച് അദ്ദേഹം ഈശ്-ബോശെത്തിനെ, ഗിലെയാദിനും അശൂരിക്കും യെസ്രീലിനും എഫ്രയീമിനും ബെന്യാമീനിനും സകല ഇസ്രായേലിനും രാജാവാക്കി.
10ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന് രാജാവാകുമ്പോൾ അദ്ദേഹത്തിനു നാൽപ്പതുവയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഭരണംനടത്തി. എന്നാൽ യെഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു. 11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴുവർഷവും ആറുമാസവുമായിരുന്നു.
12നേരിന്റെ മകനായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ആൾക്കാരോടൊപ്പം മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു. 13സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു.
14അപ്പോൾ അബ്നേർ യോവാബിനോട് പറഞ്ഞു: “യുവാക്കളിൽ ചിലർ എഴുന്നേറ്റ് നമ്മുടെമുമ്പിൽ പരസ്പരം പൊരുതട്ടെ!”
“ശരി അങ്ങനെതന്നെയാകട്ടെ!” എന്നു യോവാബ് മറുപടി പറഞ്ഞു.
15അങ്ങനെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ബെന്യാമീന്യരുടെയും പക്ഷത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ പക്ഷത്തുനിന്നു പന്ത്രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടു, അവർ എഴുന്നേറ്റു വന്നു. 16അപ്പോൾ ഓരോരുത്തനും തന്റെ എതിരാളിയുടെ തലയ്ക്കു കടന്നുപിടിച്ച് പാർശ്വത്തിൽ വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചുതന്നെ നിലംപതിച്ചു. അതിനാൽ ഗിബെയോനിലെ ആ സ്ഥലത്തിന്, ഹെൽക്കത്ത്-ഹസ്സൂരീം#2:16 ശത്രുതയുടെ നിലം അഥവാ, വാൾത്തലകളുടെ നിലം എന്നർഥം. എന്നു പേരായി.
17അന്നു നടന്ന യുദ്ധം അതിഭീകരമായിരുന്നു. അബ്നേരും ഇസ്രായേൽ പടയാളികളും ദാവീദിന്റെ സൈന്യത്തിനുമുമ്പിൽ പരാജയപ്പെട്ടു.
18യോവാബ്, അബീശായി, അസാഹേൽ എന്നിങ്ങനെ സെരൂയയുടെ മൂന്നുപുത്രന്മാരും അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുകലമാനിനെപ്പോലെ ഗതിവേഗമുള്ളവനായിരുന്നു. 19അദ്ദേഹം അബ്നേരിനെ പിൻതുടർന്നു. പിൻതുടർന്നുള്ള ഓട്ടത്തിൽ അദ്ദേഹം വലത്തോട്ടോ ഇടത്തോട്ടോ മാറിയിട്ടില്ല. 20അബ്നേർ പിറകോട്ടു തിരിഞ്ഞുനോക്കി, “ഇതു നീ തന്നെയോ അസാഹേലേ” എന്നു ചോദിച്ചു.
“അതേ,” എന്ന് അസാഹേൽ മറുപടി പറഞ്ഞു.
21അബ്നേർ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “നീ വലത്തോട്ടോ ഇടത്തോട്ടോ മാറി യുവാക്കളിൽ ഒരുവനെക്കൊന്ന് അവന്റെ ആയുധവർഗം അപഹരിക്കുക.” എന്നാൽ അബ്നേരിനെ പിൻതുടരുന്നത് അസാഹേൽ മതിയാക്കിയില്ല.
22വീണ്ടും അബ്നേർ അസാഹേലിനു മുന്നറിയിപ്പു നൽകി; “എന്നെ പിൻതുടരുന്നതു മതിയാക്കുക! ഞാൻ നിന്നെ കൊന്നുവീഴ്ത്തുന്നതെന്തിന്! പിന്നെ ഞാനെങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തുനോക്കും!”
23എന്നാൽ പിൻതുടരുന്നതു വിട്ടുമാറാൻ അസാഹേൽ കൂട്ടാക്കിയില്ല. അതിനാൽ അബ്നേർ തന്റെ കുന്തത്തിന്റെ പിൻതല അസാഹേലിന്റെ വയറ്റിൽ കുത്തിക്കടത്തി. കുന്തം അദ്ദേഹത്തിന്റെ പിറകുവശത്തൂടെ വെളിയിൽ വന്നു. അയാൾ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്തേക്കു വന്ന എല്ലാവരും അവിടെ തരിച്ചുനിന്നുപോയി.
24എന്നാൽ യോവാബും അബീശായിയും അബ്നേരിനെ പിൻതുടർന്നു. സൂര്യാസ്തമയസമയത്ത് അവർ ഗിബെയോൻ മരുഭൂമിയിലേക്കുള്ള വഴിയിൽ ഗീഹിന്റെ അരികിലുള്ള അമ്മാക്കുന്നിൽ എത്തി. 25ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒരുമിച്ചുകൂടി. അവർ സംഘംചേർന്ന് കുന്നിൻമുകളിൽ നിലയുറപ്പിച്ചു.
26അബ്നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “വാൾ എക്കാലവും സംഹരിച്ചുകൊണ്ടിരിക്കണമോ? ഇതു കയ്‌പിലേ കലാശിക്കൂ എന്നു താങ്കൾക്കു മനസ്സിലാകുന്നില്ലേ! സഹോദരന്മാരെ പിൻതുടരുന്നതു മതിയാക്കാൻ അങ്ങു സ്വന്തം അണികളോട് ആജ്ഞാപിക്കുകയില്ലേ? അതിന് ഇനിയെന്തിന് താമസിക്കുന്നു?”
27യോവാബു മറുപടി പറഞ്ഞു: “ജീവനുള്ള ദൈവത്താണ, താങ്കൾ എന്നോടു സംസാരിച്ചില്ലായിരുന്നെങ്കിൽ പടജനം പ്രഭാതംവരെ തങ്ങളുടെ സഹോദരന്മാരെ പിൻതുടരുമായിരുന്നു.”
28അപ്പോൾ യോവാബു കാഹളമൂതി. ജനമെല്ലാം നിന്നു. അവർ പിന്നെ ഇസ്രായേലിനെ പിൻതുടർന്നില്ല; പോരാട്ടം തുടർന്നതുമില്ല.
29അന്നു രാത്രിമുഴുവൻ അബ്നേരും കൂട്ടരും അരാബയിലൂടെ സഞ്ചരിച്ചു. അവർ യോർദാൻ കടന്ന് പ്രഭാതംമുഴുവനും#2:29 മൂ.ഭാ. ബിത്രോൻ. ഈ വാക്കിന്റെ അർഥം വ്യക്തമല്ല. യാത്രതുടർന്നു മഹനയീമിലെത്തി.
30പിന്നെ യോവാബും അബ്നേരിനെ പിൻതുടരുന്നതിൽനിന്നു പിന്തിരിഞ്ഞ് തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി. അസാഹേലിനെക്കൂടാതെ ദാവീദിന്റെ ആൾക്കാരിൽ പത്തൊൻപതുപേർകൂടെ നഷ്ടപ്പെട്ടതായിക്കണ്ടു. 31എന്നാൽ ദാവീദിന്റെ ആൾക്കാർ അബ്നേരിനോടുകൂടെയുള്ളവരിൽ മുന്നൂറ്റിയറുപതു ബെന്യാമീന്യരെ കൊലചെയ്തിരുന്നു. 32അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ശമുവേൽ 2: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക