2 ശമുവേൽ 15
15
അബ്ശാലോമിന്റെ ഉപജാപം
1കാലക്രമേണ അബ്ശാലോം ഒരു രഥവും കുതിരകളും, തന്റെ മുമ്പിൽ ഓടുന്നതിന് അൻപത് അകമ്പടിക്കാരെയും സമ്പാദിച്ചു. 2അദ്ദേഹം പതിവായി അതിരാവിലെ എഴുന്നേറ്റ് രാജവീഥിയുടെ അരികിൽ നിൽക്കും. വ്യവഹാരമുള്ള ആരെങ്കിലും തീർപ്പിനുവേണ്ടി രാജസവിധത്തിൽ സമർപ്പിക്കാനുള്ള ആവലാതിയുമായി വന്നാൽ അബ്ശാലോം അയാളെ വിളിച്ച്, “നീ ഏതു നഗരക്കാരൻ” എന്നു ചോദിക്കും. “അടിയൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരൻ,” എന്ന് അയാൾ മറുപടി പറയും. 3അപ്പോൾ അബ്ശാലോം പറയും: “നിന്റെ വാദം ന്യായയുക്തമാണ്; എന്നാൽ അതു കേൾക്കാൻ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ!” 4പിന്നെ അബ്ശാലോം ഇങ്ങനെയുംകൂടി പറയുമായിരുന്നു “ഹാ! എന്നെ നാടിനു ന്യായാധിപൻ ആക്കിയിരുന്നെങ്കിൽ; എങ്കിൽ വ്യവഹാരവും തർക്കവും ഉള്ള ഏതൊരുത്തനും എന്റെ അടുക്കൽ വരികയും ഞാൻ അവർക്കു ന്യായംവിധിക്കുകയും ചെയ്യുമായിരുന്നു.”
5കൂടാതെ, ആരെങ്കിലും അബ്ശാലോമിനെ വണങ്ങാനായി അടുത്തുവന്നാൽ അദ്ദേഹം കൈനീട്ടി അയാളെ പിടിച്ചു ചുംബിക്കുമായിരുന്നു. 6നീതി തേടി രാജാവിന്റെ അടുത്തേക്കു വരുന്ന സകല ഇസ്രായേല്യരോടും അബ്ശാലോം ഈ വിധം പെരുമാറി. അങ്ങനെ അദ്ദേഹം ഇസ്രായേൽജനതയുടെ ഹൃദയം വശീകരിച്ചു.
7നാലു#15:7 ചി.കൈ.പ്ര. നാൽപ്പത് വർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞു: “അടിയൻ യഹോവയ്ക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിക്കാൻ അടിയനെ അനുവദിക്കണമേ! 8അങ്ങയുടെ ദാസനായ അടിയൻ അരാമിലെ ഗെശൂരിൽ ആയിരുന്നപ്പോൾ ‘യഹോവ എന്നെ വീണ്ടും ജെറുശലേമിലേക്കു വരുത്തുമെങ്കിൽ ഞാൻ ഹെബ്രോനിൽ#15:8 ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല. യഹോവയ്ക്ക് ആരാധന നടത്തിക്കൊള്ളാം’ എന്നു നേർച്ച നേർന്നിരുന്നു.”
9“സമാധാനത്തോടെ പോകുക,” എന്നു രാജാവ് അദ്ദേഹത്തോടു കൽപ്പിച്ചു. അങ്ങനെ അബ്ശാലോം ഹെബ്രോനിലേക്കു യാത്രതിരിച്ചു.
10അപ്പോൾ അബ്ശാലോം ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും രഹസ്യദൂതന്മാരെ അയച്ചു. കാഹളനാദം കേൾക്കുമ്പോൾ, “അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു” എന്നു വിളിച്ചു പറയുന്നതിനുള്ള ഏർപ്പാടുചെയ്തു. 11ജെറുശലേമിൽനിന്ന് ഇരുനൂറു പുരുഷന്മാർ അബ്ശാലോമിനെ അനുഗമിച്ചിരുന്നു. അവരെ അതിഥികളായി ക്ഷണിച്ചതായിരുന്നു. ഈ ഗൂഢാലോചനയൊന്നും അറിയാത്ത ശുദ്ധഗതിക്കാരായിരുന്നു അവർ. 12അബ്ശാലോം യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദിന്റെ ഉപദേഷ്ടാവും ഗീലോന്യനുമായ അഹീഥോഫെലിനെ അദ്ദേഹത്തിന്റെ നഗരമായ ഗീലോനിൽ നിന്ന് ആളയച്ചുവരുത്തിയിരുന്നു. ഇങ്ങനെ അബ്ശാലോമിന്റെ സംഘം ദിനംപ്രതി വർധിച്ചുവരികയാൽ ഗൂഢാലോചനയ്ക്കു ബലം കൂടിവന്നു.
ദാവീദ് പലായനംചെയ്യുന്നു
13ഒരു സന്ദേശവാഹകൻ ജെറുശലേമിൽവന്ന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേൽജനതയുടെ കൂറ് അബ്ശാലോമിനോടുകൂടെ ആയിത്തീർന്നിരിക്കുന്നു.”
14അപ്പോൾ ദാവീദ് ജെറുശലേമിൽ തന്നോടുകൂടെയുണ്ടായിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: “വരിക! നമുക്ക് ഓടിപ്പോകാം. അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയില്ല. നമുക്ക് ഉടനെ പോകണം; അല്ലെങ്കിൽ അവൻ വേഗം കടന്നുവന്ന് നമ്മെ ജയിക്കുകയും നശിപ്പിക്കുകയും നഗരം വാളിനിരയാക്കുകയും ചെയ്യും!”
15രാജഭൃത്യന്മാർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ഇതാ യജമാനനായ രാജാവു തീരുമാനിക്കുന്നതുപോലെ ചെയ്യാൻ അടിയങ്ങൾ ഒരുക്കമാണ്.”
16അങ്ങനെ ദാവീദ് രാജാവ് തന്റെ സകലഗൃഹത്തോടുംകൂടി പുറപ്പെട്ടു. എന്നാൽ കൊട്ടാരം സൂക്ഷിക്കുന്നതിനായി അദ്ദേഹം പത്ത് വെപ്പാട്ടികളെ അവിടെ ആക്കിയിരുന്നു. 17അങ്ങനെ രാജാവു യാത്രയായി. സകലജനവും അദ്ദേഹത്തെ പിൻചെന്നു. അൽപ്പദൂരം പിന്നിട്ട് ഒരിടത്ത് അവർ നിന്നു. 18കെരീത്യരും പ്ളേത്യരും ഗത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്ന അറുനൂറു ഗിത്യരും ഉൾപ്പെടെ ജനമെല്ലാം രാജാവിന്റെ മുമ്പിലൂടെ കടന്നുപോയി.
19രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു: “നീ ഞങ്ങളോടുകൂടെ വരുന്നതെന്തിന്? മടങ്ങിപ്പോയി രാജാവായ അബ്ശാലോമിനോടുകൂടെ പാർക്കുക. നീ ഒരു വിദേശി; സ്വന്തം ദേശത്തുനിന്നു വന്നുപാർക്കുന്നവൻ. 20നീ ഇന്നലെ വന്നു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലയുമാറാക്കുമോ? ഞാൻ എവിടേക്കു പോകുന്നു എന്നു നിശ്ചയമില്ല. അതിനാൽ നിന്റെ നാട്ടുകാരെയും ചേർത്ത് മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!”
21എന്നാൽ ഇത്ഥായി രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയാണെ, എന്റെ യജമാനനായ രാജാവാണെ, എന്റെ യജമാനനായ രാജാവ് എവിടെ ആയിരിക്കുന്നോ അവിടെത്തന്നെ—മരണമോ ജീവനോ എന്തു വന്നാലും—അടിയനും ആയിരിക്കും.”
22“ശരി, മുമ്പോട്ടു പൊയ്ക്കൊള്ളൂ,” എന്നു ദാവീദ് ഇത്ഥായിയോടു കൽപ്പിച്ചു. അങ്ങനെ ഗിത്യനായ ഇത്ഥായിയും തന്റെ സകല അനുയായികളോടും അവരുടെ കുടുംബങ്ങളോടുംകൂടെ കടന്നുപോയി.
23ജനമെല്ലാം കടന്നുപോകുമ്പോൾ ഗ്രാമവാസികൾ ഉച്ചത്തിൽ കരഞ്ഞു. രാജാവും കിദ്രോൻതോടു കടന്നു. ആ ജനമെല്ലാം മരുഭൂമിയിലേക്കു യാത്രതിരിച്ചു.
24സാദോക്കും അദ്ദേഹത്തോടുകൂടെയുള്ള ലേവ്യരും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ചുമന്നുകൊണ്ടുവന്നു. അവർ ദൈവത്തിന്റെ പേടകം ഇറക്കിവെച്ചു; ജനമെല്ലാം നഗരം കടന്നുതീരുന്നതുവരെ അബ്യാഥാർ യാഗങ്ങൾ അർപ്പിച്ചു.
25അപ്പോൾ രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പേടകം നഗരത്തിലേക്കു മടക്കിക്കൊണ്ടുപോകുക. യഹോവയുടെ ദൃഷ്ടിയിൽ എനിക്കു പ്രീതി ലഭിക്കുമെങ്കിൽ അവിടന്ന് എന്നെ തിരികെ വരുത്തുകയും പേടകത്തെയും തിരുനിവാസത്തെയും വീണ്ടും കാണാൻ എനിക്ക് ഇടയാകുകയും ചെയ്യും. 26എന്നാൽ ‘എനിക്കു നിന്നിൽ പ്രസാദമില്ല,’ എന്നാണ് അവിടന്ന് കൽപ്പിക്കുന്നതെങ്കിൽ, ഇതാ ഞാൻ ഒരുക്കം; അവിടത്തെ ഹിതംപോലെ എന്നോടു ചെയ്യട്ടെ!”
27പുരോഹിതനായ സാദോക്കിനോടു രാജാവു വീണ്ടും പറഞ്ഞു: “നീ ഒരു ദർശകനല്ലേ? നിന്റെ മകൻ അഹീമാസിനെയും അബ്യാഥാരിന്റെ മകൻ യോനാഥാനെയും കൂട്ടി സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങിപ്പോകുക. നീയും അബ്യാഥാരും നിങ്ങളോടൊപ്പം രണ്ടു പുത്രന്മാരെയും കൂട്ടിക്കൊള്ളുക. 28നിങ്ങളിൽനിന്ന് വിവരം ലഭിക്കുംവരെ ഞാൻ മരുഭൂമിയിലെ കടവിങ്കൽ കാത്തുനിൽക്കും.” 29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പേടകം ജെറുശലേമിലേക്കു തിരികെ കൊണ്ടുപോയി അവിടെ താമസിച്ചു.
30എന്നാൽ ദാവീദ് ഒലിവുമലയിലേക്കു യാത്രതുടർന്നു. അദ്ദേഹം തല മൂടിയും നഗ്നപാദനായും കരഞ്ഞുകൊണ്ടു യാത്രചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സകലജനവും, അവർ കടന്നുപോകുമ്പോൾ തലമൂടി വിലപിച്ചുകൊണ്ടിരുന്നു. 31അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടി. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ ഭോഷത്തമാക്കിത്തീർക്കണമേ,” എന്നു ദാവീദ് പ്രാർഥിച്ചു.
32പിന്നെ ദാവീദ് മലമുകളിൽ, ജനം ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്ത് എത്തി. അർഖ്യവംശജനായ ഹൂശായി അദ്ദേഹത്തെ കാണുന്നതിനായി അവിടെവന്നു. തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് അയാൾ വന്നെത്തി. 33ദാവീദ് അയാളോടു പറഞ്ഞു: “നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും. 34അതിനാൽ നീ നഗരത്തിലേക്കു തിരിച്ചുചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം. മുമ്പു ഞാൻ അങ്ങയുടെ പിതാവിന്റെ ദാസനായിരുന്നു. എന്നാൽ ഇന്നു ഞാൻ അങ്ങയുടെ ദാസനായിരിക്കും,’ എന്നു പറഞ്ഞാൽ അഹീഥോഫെലിന്റെ ആലോചനയെ നിഷ്ഫലമാക്കി നിനക്കെന്നെ സഹായിക്കാൻ കഴിയും. 35പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെ ഉണ്ടല്ലോ. രാജകൊട്ടാരത്തിൽവെച്ച് നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറയുക. 36അവരുടെ രണ്ടു പുത്രന്മാർ—സാദോക്കിന്റെ മകനായ അഹീമാസും, അബ്യാഥാരിന്റെ മകനായ യോനാഥാനും—അവിടെ അവരോടുകൂടെ ഉണ്ട്. നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറഞ്ഞയയ്ക്കുക.”
37അങ്ങനെ അബ്ശാലോം നഗരത്തിൽ പ്രവേശിക്കുമ്പോൾത്തന്നെ ദാവീദിന്റെ സ്നേഹിതനായ ഹൂശായിയും ജെറുശലേമിൽ എത്തിച്ചേർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമുവേൽ 15: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.