2 ശമുവേൽ 13
13
അമ്നോനും താമാറും
1കുറച്ചുനാൾ കഴിഞ്ഞ് ദാവീദിന്റെ മകനായ അമ്നോൻ താമാറിൽ അനുരക്തനായി. താമാർ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരിയും അതീവസുന്ദരിയും ആയിരുന്നു.
2തന്റെ സഹോദരി താമാറിൽ ആസക്തനായിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയായിരുന്നു. അതിനാൽ അവളോടു വല്ലതും ചെയ്യുന്നത് അയാൾക്കു പ്രയാസമായിരുന്നു.
3അമ്നോന്, യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രനായിരുന്നു. യോനാദാബ് ഏറ്റവും തന്ത്രശാലിയുമായിരുന്നു. 4അയാൾ അമ്നോനോട്: “രാജകുമാരാ, അങ്ങ് നാൾ കഴിയുന്തോറും ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്തുകൊണ്ട്? എന്നോടു പറയുകയില്ലേ?” എന്നു ചോദിച്ചു.
“എന്റെ സഹോദരൻ അബ്ശാലോമിന്റെ പെങ്ങൾ താമാറിൽ എനിക്കു പ്രേമം ഉണ്ടായിരിക്കുന്നു,” എന്ന് അമ്നോൻ അയാളോടു പറഞ്ഞു.
5യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’ ”
6അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!”
7അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.” 8അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു. 9പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല.
“എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി. 10അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു. 11എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു.
12“അരുതേ! എന്റെ സഹോദരാ!” അവൾ കേണപേക്ഷിച്ചു. “എന്നെ നിർബന്ധിക്കരുതേ! ഇങ്ങനെ ഒരു കാര്യം ഇസ്രായേലിൽ പാടില്ലല്ലോ! ഈ ദുഷ്കൃത്യം ചെയ്യരുതേ. 13ഞാൻ ഈ അപമാനം എവിടെച്ചെന്നു തീർക്കും? അങ്ങും ഇസ്രായേലിലെ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ! ദയവായി ഇക്കാര്യം രാജാവിനോടു പറഞ്ഞാലും; അദ്ദേഹം എന്നെ അങ്ങേക്കു വിവാഹംകഴിച്ചുതരാതിരിക്കുകയില്ല.” 14എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവളെക്കാൾ കായബലം ഏറിയവനായതിനാൽ അയാൾ അവളെ ബലാൽക്കാരംചെയ്തു.
15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു. വാസ്തവത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നതിനെക്കാൾ അധികമായി അവളെ വെറുത്തു. “എഴുന്നേറ്റു പുറത്തുപോകൂ,” അമ്നോൻ അവളോടു പറഞ്ഞു.
16അവൾ അയാളോടു പറഞ്ഞു: “അരുത് സഹോദരാ, എന്നെ പുറത്താക്കുന്നത് അങ്ങ് എന്നോട് ഇപ്പോൾ ചെയ്ത ഈ ദോഷത്തെക്കാൾ വലിയ തെറ്റായിരിക്കും.”
എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. 17“ഈ സ്ത്രീയെ പുറത്താക്കി വാതിൽ അടച്ചുകളക,” എന്ന് അയാൾ തന്റെ ഭൃത്യനോട് ആജ്ഞാപിച്ചു. 18അതിനാൽ അമ്നോന്റെ ഭൃത്യൻ അവളെ പിടിച്ചു പുറത്താക്കി കതകും അടച്ചു. അതിമനോഹരമായ#13:18 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഒരു നിലയങ്കിയാണ് അവൾ ധരിച്ചിരുന്നത്. അന്ന് ഇസ്രായേലിൽ കന്യകകളായ രാജകുമാരിമാർ ധരിക്കാറുള്ളത് അത്തരത്തിലുള്ള അങ്കിയായിരുന്നു. 19താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന അലംകൃതവസ്ത്രവും കീറി; തലയിൽ കൈവെച്ച് ഉച്ചത്തിൽ വിലപിച്ചുകൊണ്ട് കടന്നുപോയി.
20അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു.
21ദാവീദ് രാജാവ് ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി. 22അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു.
അബ്ശാലോം അമ്നോനെ കൊല്ലുന്നു
23രണ്ടു വർഷങ്ങൾക്കുശേഷം, എഫ്രയീം നാടിന്റെ അതിരിങ്കലുള്ള ബാൽ-ഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവമായിരുന്നു. സകലരാജകുമാരന്മാരെയും അദ്ദേഹം അതിനു ക്ഷണിച്ചു. 24അബ്ശാലോം രാജാവിന്റെയും അടുത്തുവന്ന്, “അങ്ങയുടെ ഈ ദാസന്റെ ആടുകളുടെ രോമം കത്രിക്കുന്നവർ വന്നെത്തിയിരിക്കുന്നു. ദയവായി രാജാവും സേവകരും ആഘോഷങ്ങളിൽ സംബന്ധിക്കണേ!” എന്നപേക്ഷിച്ചു.
25“വേണ്ടാ, എന്റെ മകനേ!” രാജാവു മറുപടി പറഞ്ഞു: “ഞങ്ങളെല്ലാവരുംകൂടി വരേണ്ടതില്ല. അതു നിനക്കു ഭാരമായിരിക്കും.” എങ്കിലും അബ്ശാലോം അദ്ദേഹത്തെ നിർബന്ധിച്ചു. എന്നിട്ടും അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്നാൽ തന്റെ ആശിസ്സുകൾ നേർന്നു.
26അപ്പോൾ അബ്ശാലോം പറഞ്ഞു. “അങ്ങു വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരൻ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ!”
രാജാവ് അയാളോടു ചോദിച്ചു: “അവനെന്തിനു നിന്റെകൂടെ വരണം?” 27എന്നാൽ അബ്ശാലോം അദ്ദേഹത്തെ വളരെ നിർബന്ധിച്ചു. അതിനാൽ ദാവീദ് അമ്നോനെയും മറ്റു രാജകുമാരന്മാരെയും അയാളോടൊപ്പം അയച്ചു.
28അബ്ശാലോം തന്റെ ഭൃത്യന്മാരോട്: “ശ്രദ്ധിക്കുക, അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുന്ന സമയത്ത് ‘അമ്നോനെ അടിച്ചുകൊല്ലുക’ എന്നു ഞാൻ നിങ്ങളോടു പറയും. അപ്പോൾ നിങ്ങൾ അവനെ കൊല്ലണം. ഭയപ്പെടേണ്ടതില്ല; ഞാനല്ലേ നിങ്ങൾക്കു കൽപ്പന തരുന്നത്? ബലവും ധീരതയും കാണിക്കുക” എന്നു പറഞ്ഞു. 29അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി.
30അവർ മാർഗമധ്യേ ആയിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചെന്നും അവരിൽ ഒരുത്തൻപോലും ശേഷിച്ചിട്ടില്ല” എന്നും ഒരു വാർത്ത ദാവീദിനു ലഭിച്ചു. 31രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി വെറും നിലത്തുകിടന്നു; അദ്ദേഹത്തിന്റെ സേവകരും വസ്ത്രംകീറിക്കൊണ്ട് ചുറ്റും നിന്നു.
32എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു. 33അങ്ങയുടെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടുവെന്ന വാർത്ത എന്റെ യജമാനനായ രാജാവ് ഗണ്യമാക്കരുതേ! അമ്നോൻമാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ.”
34ഇതിനിടെ അബ്ശാലോം ഓടിപ്പോയിരുന്നു.
കാവൽക്കാരൻ തലയുയർത്തിനോക്കി; പടിഞ്ഞാറുഭാഗത്ത് അനവധി ആളുകൾ മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നതു കണ്ടു. ഉടൻതന്നെ കാവൽക്കാരൻ രാജാവിനെ വിവരം അറിയിച്ചു, “ഹൊറൊനായിംവഴി മലഞ്ചെരിവിലൂടെ ഒരുകൂട്ടം പുരുഷന്മാർ വരുന്നത് ഞാൻ കണ്ടു.”#13:34 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
35ഉടനെ യോനാദാബു രാജാവിനോട്: “ഇതാ, അടിയൻ പറഞ്ഞതുപോലെ സംഭവിച്ചല്ലോ! രാജകുമാരന്മാർ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
36അയാൾ സംസാരിച്ചുതീർന്നപ്പോൾത്തന്നെ രാജകുമാരന്മാർ ഉറക്കെ നിലവിളിച്ചുകൊണ്ട് വന്നെത്തി. രാജാവും അദ്ദേഹത്തിന്റെ സകലസേവകരും അതിദുഃഖത്തോടെ കരഞ്ഞു.
37എന്നാൽ അബ്ശാലോം ഓടിപ്പോയി ഗെശൂർരാജാവും അമ്മീഹൂദിന്റെ മകനുമായ തൽമായിയുടെ അടുക്കലെത്തി. എന്നാൽ ദാവീദ് രാജാവ് തന്റെ മകനായ അമ്നോനെ ഓർത്ത് വളരെ ദിവസങ്ങൾ വിലപിച്ചു.
38അബ്ശാലോം ഓടിപ്പോയി ഗെശൂരിൽ എത്തിയശേഷം, മൂന്നുവർഷം അവിടെ താമസിച്ചു. 39അമ്നോന്റെ മരണംകാരണം ദാവീദുരാജാവിനുണ്ടായ ദുഃഖത്തിന് ആശ്വാസം വന്നിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം അബ്ശാലോമിനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമുവേൽ 13: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.