2 രാജാക്കന്മാർ 23
23
യോശിയാവ് ഉടമ്പടി പുതുക്കുന്നു
1പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി. 2യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു. 3താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
4ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി. 5യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു. 6അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി. 7വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു.
8യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു. 9ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു.
10ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും#23:10 മൂ.ഭാ. തോഫെത്തും അദ്ദേഹം മലിനമാക്കി. 11യഹോവയുടെ ആലയത്തിന്റെ പടിവാതിൽക്കൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു നിവേദിച്ചിരുന്ന അശ്വബിംബങ്ങൾ യോശിയാവ് നീക്കിക്കളഞ്ഞു. ആ ബിംബങ്ങൾ ദൈവാലയാങ്കണത്തിനകത്ത് നാഥാൻ-മെലെക്ക് എന്നു പേരുള്ള ഉദ്യോഗസ്ഥന്റെ മുറിയുടെ സമീപത്തായിരുന്നു. സൂര്യനു നിവേദിക്കപ്പെട്ടിരുന്ന രഥങ്ങളും യോശിയാവ് ചുട്ടുകളഞ്ഞു.
12ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു. 13ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവിയായ അസ്തരോത്തിനും മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനുംവേണ്ടി ജെറുശലേമിന്റെ കിഴക്ക് വിനാശത്തിന്റെ കുന്നിൽ തെക്കുഭാഗത്തു പണിതിരുന്ന ക്ഷേത്രങ്ങളും രാജാവ് മലിനപ്പെടുത്തി. 14യോശിയാവ് ആചാരസ്തൂപങ്ങൾ ഉടച്ചു, അശേരാപ്രതിഷ്ഠകളെ വെട്ടിമുറിച്ചു; അവ നിന്നിരുന്ന പ്രദേശങ്ങൾ അദ്ദേഹം മനുഷ്യാസ്ഥികൾകൊണ്ടു മൂടി.
15മാത്രവുമല്ല, നെബാത്തിന്റെ മകൻ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചവനായ യൊരോബെയാം, ബേഥേലിൽ നിർമിച്ചിരുന്ന ക്ഷേത്രവും ബലിപീഠവുംകൂടി അദ്ദേഹം ഇടിച്ചുകളഞ്ഞു. അദ്ദേഹം ക്ഷേത്രം തീവെച്ചു നശിപ്പിച്ചശേഷം തകർത്തു പൊടിയാക്കി; അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. 16അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി.
17പിന്നെ രാജാവ്: “ഞാൻ അവിടെ കാണുന്ന സ്മാരകസ്തംഭം എന്താണ്?” എന്നു ചോദിച്ചു.
“യെഹൂദ്യയിൽനിന്നു വന്ന് ബേഥേലിലെ യാഗപീഠത്തെക്കുറിച്ചും അങ്ങ് ചെയ്തിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയിച്ച ദൈവപുരുഷന്റെ ശവകുടീരമാണത്,” എന്ന് നഗരവാസികളായ ജനങ്ങൾ പറഞ്ഞു.
18“അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു.
19ഇസ്രായേൽരാജാക്കന്മാർ പണിയിച്ചുകൊണ്ട് യഹോവയുടെ കോപം ജ്വലിക്കാനിടയായ ക്ഷേത്രങ്ങൾ ശമര്യയിലെ മലകളിലെ പട്ടണങ്ങളിലും ഉണ്ടായിരുന്നു. ബേഥേലിൽ ചെയ്തതുപോലെതന്നെ യോശിയാരാജാവ് ഇവിടെയും അവയെല്ലാം തകർത്ത്, നീക്കിക്കളഞ്ഞു. 20ആ ക്ഷേത്രങ്ങളിലെ സകലപുരോഹിതന്മാരെയും യോശിയാവ് യാഗപീഠത്തിന്മേൽവെച്ചു കൊന്നു; അവയുടെമേൽ മനുഷ്യാസ്ഥികളെ ദഹിപ്പിച്ചു. പിന്നെ അദ്ദേഹം ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.
21അതിനുശേഷം രാജാവു സകലജനത്തോടും: “ഉടമ്പടിയുടെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹാ ആചരിക്കുക” എന്നു കൽപ്പിച്ചു. 22ഇസ്രായേലിനെ നയിച്ച ന്യായാധിപന്മാരുടെ കാലംമുതൽ ഇസ്രായേൽരാജാക്കന്മാരുടെയോ യെഹൂദാരാജാക്കന്മാരുടെയോ കാലത്തെങ്ങും ഈ വിധത്തിൽ ഒരു പെസഹാ ആചരിച്ചിരുന്നില്ല. 23യോശിയാരാജാവിന്റെ പതിനെട്ടാംവർഷത്തിലാണ് ജെറുശലേമിൽ യഹോവയ്ക്ക് ഈ പെസഹാ ആചരിച്ചത്.
24ഇതു കൂടാതെ യോശിയാവ് വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ഗൃഹദേവന്മാരെയും ബിംബങ്ങളെയും, യെഹൂദ്യയിലും ജെറുശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശ്ശേഷം നശിപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് ഹിൽക്കിയാപുരോഹിതൻ കണ്ടെടുത്ത ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരുന്ന നിയമങ്ങൾ പ്രമാണിക്കുന്നതിനാണ് അദ്ദേഹം ഇതു ചെയ്തു. 25മോശയുടെ ന്യായപ്രമാണങ്ങളെല്ലാം അനുസരിച്ച് പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടി യഹോവയിലേക്കു തിരിഞ്ഞ യോശിയാവിനെപ്പോലുള്ള ഒരു രാജാവ് അദ്ദേഹത്തിനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
26എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല. 27അതിനാൽ യഹോവ അരുളിച്ചെയ്തു: “ഇസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ ഞാൻ യെഹൂദ്യയെയും എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയും. ഞാൻ തെരഞ്ഞെടുത്ത പട്ടണമായ ജെറുശലേമിനെയും, ‘എന്റെ നാമം അവിടെ സ്ഥാപിതമായിരിക്കും’#23:27 1 രാജാ. 8:29 എന്നു ഞാൻ കൽപ്പിച്ച ഈ ദൈവാലയത്തെയും ഞാൻ തള്ളിക്കളയും.”
28യോശിയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
29യോശിയാവ് രാജാവായിരിക്കുമ്പോൾ ഈജിപ്റ്റിലെ രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിനോടു യുദ്ധംചെയ്യുന്നതിന് യൂഫ്രട്ടീസ് നദീപ്രദേശത്തേക്കു പുറപ്പെട്ടു. യോശിയാരാജാവ് യുദ്ധത്തിൽ അദ്ദേഹത്തെ എതിരിടുന്നതിനായി ചെന്നു. എന്നാൽ മെഗിദ്ദോവിൽവെച്ച് നെഖോ അദ്ദേഹത്തെ എതിരിട്ട് കൊന്നുകളഞ്ഞു. 30യോശിയാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് ജെറുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തു.
യെഹൂദാരാജാവായ യഹോവാഹാസ്
31രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു. 32തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. 33അദ്ദേഹം ജെറുശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ചു ബന്ധനസ്ഥനാക്കി. അദ്ദേഹം നൂറു താലന്തു#23:33 ഏക. 4 ടൺ. വെള്ളിയും ഒരു താലന്തു#23:33 ഏക. 34 കി.ഗ്രാം. സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു. 34ഫറവോൻ-നെഖോ യോശിയാവിന്റെ മകനായ എല്യാക്കീമിനെ യോശിയാവിന്റെ സ്ഥാനത്തു രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. അദ്ദേഹം യഹോവാഹാസിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവിടെവെച്ച് യഹോവാഹാസ് മരിച്ചു. 35ഫറവോൻ-നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യെഹോയാക്കീം കൊടുത്തു. അതിനായി അദ്ദേഹം ദേശത്തു കരം ചുമത്തി. ഓരോരുത്തന്റെയും സ്വത്തിന് ആനുപാതികമായി അദ്ദേഹം അവരിൽനിന്നു വെള്ളിയും സ്വർണവും നിർബന്ധപൂർവം പിരിച്ചെടുത്തു.
യെഹൂദാരാജാവായ യെഹോയാക്കീം
36രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സെബീദാ എന്നായിരുന്നു. അവർ രൂമാക്കാരനായ പെദായാവിന്റെ മകളായിരുന്നു. 37തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാക്കന്മാർ 23: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.