2 രാജാക്കന്മാർ 15
15
യെഹൂദാരാജാവായ അസര്യാവ്
1ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തിയേഴാമാണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി. 2രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു. 3തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു. 4എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
5എന്നാൽ യഹോവ ഈ രാജാവിനെ മരണപര്യന്തം കുഷ്ഠരോഗത്താൽ പീഡിപ്പിച്ചു. അദ്ദേഹം മറ്റുള്ളവരിൽനിന്നകന്ന് തനിയേ ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. രാജകുമാരനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
6അസര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 7അസര്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറകൾക്കരികെ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.
ഇസ്രായേൽരാജാവായ സെഖര്യാവ്
8യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയെട്ടാമാണ്ടിൽ ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ മകനായ സെഖര്യാവ് ശമര്യയിൽ ഇസ്രായേൽരാജാവായി. അദ്ദേഹം ആറുമാസം വാണു. 9അദ്ദേഹം തന്റെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
10യാബേശിന്റെ മകനായ ശല്ലൂം സെഖര്യാവിന് എതിരായി ഗൂഢാലോചന നടത്തി. അയാൾ ജനങ്ങളുടെ മുൻപിൽവെച്ച് സെഖര്യാവിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അതിനുശേഷം ശല്ലൂം അദ്ദേഹത്തിനു പിന്നാലെ രാജാവായി. 11സെഖര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 12“നിന്റെ സന്തതികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും,”#15:12 2 രാജാ. 10:30 എന്ന് യഹോവ യേഹുവിനോട് അരുളിച്ചെയ്ത വാക്കുകൾ അങ്ങനെ നിറവേറി.
ഇസ്രായേൽരാജാവായ ശല്ലൂം
13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ ഒരുമാസം വാണു. 14പിന്നെ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നും ശമര്യയിലേക്കു വന്നു. അയാൾ യാബേശിന്റെ മകനായ ശല്ലൂമിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി അയാൾക്കുശേഷം രാജാവായി.
15ശല്ലൂമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
16അക്കാലത്ത് മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് തിപ്സഹിനെയും ആ നഗരത്തിലുള്ള സകലരെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചു. ആ നഗരവാസികൾ അദ്ദേഹത്തിനുവേണ്ടി നഗരകവാടം തുറന്നു കൊടുക്കാതിരുന്നതിനാൽ അദ്ദേഹം തിപ്സഹുനഗരത്തെ കൊള്ളചെയ്തു നശിപ്പിക്കുകയും അതിലെ ഗർഭിണികളെ കീറിക്കളയുകയും ചെയ്തു.
ഇസ്രായേൽരാജാവായ മെനഹേം
17യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ ഗാദിയുടെ മകനായ മെനഹേം ഇസ്രായേലിനു രാജാവായി; അദ്ദേഹം ശമര്യയിൽ പത്തുവർഷം വാണു. 18അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ തന്റെ ഭരണകാലത്ത് ഒരിക്കലും വിട്ടകന്നില്ല.
19അശ്ശൂർരാജാവായ പൂൽ#15:19 തിഗ്ലത്ത്-പിലേസർ എന്നും വിളിക്കപ്പെടുന്നു. ദേശത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സഹായം നേടുന്നതിനും തന്റെ രാജാധികാരം ഉറപ്പിക്കുന്നതിനുമായി മെനഹേം അദ്ദേഹത്തിന് ആയിരംതാലന്തു#15:19 ഏക. 38 ടൺ. വെള്ളി സമ്മാനമായിക്കൊടുത്തു. 20ഈ വെള്ളി മെനഹേം ഇസ്രായേലിൽനിന്നു നിർബന്ധപൂർവം പിരിച്ചെടുത്തു. ഓരോ സമ്പന്നവ്യക്തിയും അശ്ശൂർരാജാവിനു കൊടുക്കുന്നതിന് അൻപതുശേക്കേൽ#15:20 ഏക. 575 ഗ്രാം. വെള്ളിവീതം കൊടുക്കണമായിരുന്നു. അങ്ങനെ അശ്ശൂർരാജാവ് ദേശത്തെ ആക്രമിച്ചുകൊണ്ട് അധികനാൾ തങ്ങാതെ പിൻവാങ്ങി.
21മെനഹേമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 22മെനഹേം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ പെക്കഹ്യാവ് അടുത്ത രാജാവായി സ്ഥാനമേറ്റു.
ഇസ്രായേൽരാജാവായ പെക്കഹ്യാവ്
23യെഹൂദാരാജാവായ അസര്യാവിന്റെ അൻപതാമാണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് ശമര്യയിൽ ഇസ്രായേലിനു രാജാവായി; അദ്ദേഹം രണ്ടുവർഷം വാണു. 24പെക്കഹ്യാവ് യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല. 25അദ്ദേഹത്തിന്റെ പ്രധാനഉദ്യോഗസ്ഥന്മാരിൽ ഒരുവനും രെമല്യാവിന്റെ മകനുമായ പേക്കഹ് അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം അൻപതു ഗിലെയാദ്യരെ തന്നോടൊപ്പംചേർത്തു ശമര്യയിലെ രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽവെച്ച് പേക്കഹ്യാവിനെയും അദ്ദേഹത്തോടൊപ്പം അർഗോബിനെയും അർയയെയും ചതിച്ചു കൊലപ്പെടുത്തി.
26പെക്കഹ്യാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഇസ്രായേൽരാജാവായ പേക്കഹ്
27യെഹൂദാരാജാവായ അസര്യാവിന്റെ അൻപത്തിരണ്ടാമാണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഇരുപതുവർഷം വാണു. 28അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
29ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി. 30പിന്നെ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം പേക്കഹിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അങ്ങനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാമാണ്ടിൽ ഹോശേയ പേക്കഹിന്റെ അനന്തരാവകാശി എന്നനിലയിൽ രാജാവായി.
31പേക്കഹിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
യെഹൂദാരാജാവായ യോഥാം
32ഇസ്രായേൽരാജാവും രെമല്യാവിന്റെ മകനുമായ പേക്കഹിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകനായ യോഥാം ഭരണം തുടങ്ങി. 33രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. 34തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 35എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം#15:35 ദൈവാലയത്തിന്റെ തെക്കുവശത്തെ കവാടം എന്നു കരുതപ്പെടുന്നു; 2 ദിന. 23:20 കാണുക. യോഥാം പുതുക്കിപ്പണിതു.
36യോഥാമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 37(ആ കാലത്ത് അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യഹോവ യെഹൂദയ്ക്കെതിരേ അയച്ചുതുടങ്ങി.) 38യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹവും അവരോടുകൂടി അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാക്കന്മാർ 15: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.