2 രാജാക്കന്മാർ 1
1
അഹസ്യാവിന്റെമേൽ യഹോവയുടെ ശിക്ഷ
1ഇസ്രായേൽരാജാവായ ആഹാബിന്റെ മരണശേഷം മോവാബ്യർ ഇസ്രായേലിനെതിരേ മത്സരിച്ചു. 2അഹസ്യാവിന് ശമര്യയിലെ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ ജനാലയിലൂടെ വീണു ഗുരുതരമായ മുറിവേറ്റിരുന്നു. അതിനാൽ, അദ്ദേഹം സന്ദേശവാഹകരെ വിളിച്ച്: “ഈ മുറിവുണങ്ങി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് പോയി അന്വേഷിക്കുക” എന്നു കൽപ്പിച്ചു.
3എന്നാൽ, യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയാവിനോടു കൽപ്പിച്ചു: “നീ ചെന്നു ശമര്യാരാജാവിന്റെ സന്ദേശവാഹകരെ കണ്ടുമുട്ടി അവരോട്: ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കാൻ യാത്രയാകുന്നത്,’ എന്നു ചോദിക്കുക. 4അതുകൊണ്ട്, ‘കിടക്കുന്ന കിടക്കയിൽനിന്ന് നീ എഴുന്നേൽക്കുകയില്ല, നീ തീർച്ചയായും മരിക്കും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നറിയിക്കുക.” അതനുസരിച്ച് ഏലിയാവ് ഈ സന്ദേശം അറിയിക്കുന്നതിനായി പുറപ്പെട്ടു.
5സന്ദേശവാഹകർ മടങ്ങിവന്നപ്പോൾ രാജാവ് അവരോട്: “നിങ്ങൾ ഇത്രവേഗം തിരിച്ചുവന്നതെന്ത്?” എന്നു ചോദിച്ചു.
6അവർ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ വഴിയിൽ ഞങ്ങളെ കണ്ടുമുട്ടി, അയാൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് അദ്ദേഹത്തോടു പറയുക: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നീ അരുളപ്പാടു കേൾക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുത്തേക്ക് സന്ദേശവാഹകരെ അയയ്ക്കുന്നത്? അതിനാൽ, നീ കിടക്കുന്ന കിടക്കയിൽനിന്ന് എഴുന്നേൽക്കുകയില്ല; നീ തീർച്ചയായും മരിക്കും.” ’ ”
7രാജാവ് അവരോട്, “നിങ്ങളുടെ അടുക്കൽവന്ന് ഇക്കാര്യം പറഞ്ഞ ആ മനുഷ്യൻ എങ്ങനെയുള്ള ആളാണ്?” എന്നു ചോദിച്ചു.
8“അദ്ദേഹം രോമംകൊണ്ടുള്ള വസ്ത്രംധരിച്ചും#1:8 അഥവാ, രോമാവൃതനായ മനുഷ്യൻ അരയിൽ തുകൽ അരപ്പട്ടയും#1:8 അതായത്, ബെൽറ്റ് കെട്ടിയ ഒരാളായിരുന്നു,” എന്ന് അവർ മറുപടി നൽകി.
“അതു തിശ്ബ്യനായ ഏലിയാവുതന്നെ” എന്നു രാജാവു പറഞ്ഞു.
9പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു.
10ഏലിയാവ് ആ സേനാധിപനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ, ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്നു പറഞ്ഞു. ഉടൻതന്നെ, ആകാശത്തിൽനിന്നും അഗ്നിയിറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
11രാജാവ് വീണ്ടും മറ്റൊരു സൈന്യാധിപനെയും അദ്ദേഹത്തോടൊപ്പം അൻപതു പടയാളികളെയും അയച്ചു. സൈന്യാധിപൻ ഏലിയാവിനോട്: “ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപ്പനയാണ്; വേഗം ഇറങ്ങിവരൂ!” എന്നു പറഞ്ഞു.
12“ഞാൻ ഒരു ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്ന് ഏലിയാവ് അവരോടു പറഞ്ഞു. ഉടനെ, യഹോവയുടെ അഗ്നി ആകാശത്തുനിന്ന് ഇറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
13രാജാവ് മൂന്നാമതും ഒരു സൈന്യാധിപനെ അദ്ദേഹത്തിന്റെ അൻപതു പടയാളികളോടൊപ്പം അയച്ചു. എന്നാൽ അദ്ദേഹം ഏലിയാവിന്റെ അടുക്കൽ കയറിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ നമസ്കരിച്ചു: “ദൈവപുരുഷാ! അങ്ങയുടെ ദാസന്മാരായ എന്റെയും ഈ അൻപതു പേരുടെയും ജീവനെ അവിടന്ന് ആദരിക്കണമേ! 14ആകാശത്തുനിന്നും തീയിറക്കി ആദ്യത്തെ രണ്ടു സൈന്യാധിപന്മാരെയും അവരുടെ പടയാളികളെയും അങ്ങു ദഹിപ്പിച്ചുകളഞ്ഞുവല്ലോ! എന്നാൽ, ഇപ്പോൾ അങ്ങ് എന്റെ ജീവനെ ആദരിക്കണമേ!” എന്നു യാചിച്ചു.
15അപ്പോൾ, യഹോവയുടെ ദൂതൻ ഏലിയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടതില്ല!” എന്നു പറഞ്ഞു. അതിനാൽ, ഏലിയാവ് എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം രാജാവിന്റെ അടുത്തേക്കുപോയി.
16ഏലിയാവ് രാജാവിനോടു പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ ആലോചന ചോദിക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കലേക്ക് അങ്ങു ദൂതന്മാരെ അയച്ചത്? ഇപ്രകാരം ചെയ്തതിനാൽ, അങ്ങ് കിടക്കുന്ന കിടക്കയിൽനിന്നു എഴുന്നേൽക്കുകയില്ല; അങ്ങു തീർച്ചയായും മരിക്കും!” 17ഏലിയാവ് അറിയിച്ച യഹോവയുടെ വചനപ്രകാരം അഹസ്യാവു മരിച്ചുപോയി.
അഹസ്യാവിനു പുത്രന്മാരില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ സഹോദരനായ യോരാം#1:17 യെഹോരാം, യോരാം എന്നതിന്റെ മറ്റൊരുരൂപം. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാമിന്റെ രണ്ടാംവർഷത്തിൽ അഹസ്യാവിനു പകരം രാജ്യത്തിന്റെ ഭരണമേറ്റെടുത്തു. 18അഹസ്യാവിന്റെ ഭരണത്തിലെ മറ്റു ചരിത്രസംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാക്കന്മാർ 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.