2 കൊരിന്ത്യർ 1:3-10

2 കൊരിന്ത്യർ 1:3-10 MCV

കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു. സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും.

2 കൊരിന്ത്യർ 1:3-10 - നുള്ള വീഡിയോ

2 കൊരിന്ത്യർ 1:3-10 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും