2 ദിനവൃത്താന്തം 7

7
ദൈവാലയപ്രതിഷ്ഠ
1ശലോമോൻ പ്രാർഥിച്ചുതീർന്നപ്പോൾ ആകാശത്തുനിന്നു തീയിറങ്ങി ഹോമയാഗവും മറ്റുയാഗങ്ങളും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തെ നിറച്ചിരുന്നു. 2യഹോവയുടെ തേജസ്സ് അതിനെ നിറച്ചിരുന്നതുമൂലം പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. 3ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു:
“അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
4അതിനുശേഷം, ശലോമോൻരാജാവും സർവജനങ്ങളും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു. 5രാജാവ് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും യാഗമർപ്പിച്ചു. ഇപ്രകാരം, രാജാവും സകലജനങ്ങളും ചേർന്ന് ദൈവത്തിന്റെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു. 6പുരോഹിതന്മാർ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. യഹോവയ്ക്കു സ്തുതിപാടാൻ ദാവീദ് രാജാവു നിർമിച്ചിരുന്ന സംഗീതോപകരണങ്ങളുമായി ലേവ്യരും അതുപോലെതന്നെ അണിനിരന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു ചൊല്ലി ദാവീദ് യഹോവയ്ക്കു നന്ദി കരേറ്റുമ്പോൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനിൽക്കവേ പുരോഹിതന്മാർ ലേവ്യർക്ക് അഭിമുഖമായിനിന്ന് കാഹളമൂതി.
7അതിനുശേഷം ശലോമോൻ, യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, അദ്ദേഹം നിർമിച്ച വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും മേദസ്സിന്റെ ഭാഗങ്ങളും കൊള്ളുമായിരുന്നില്ല.
8അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഏഴുദിവസം ഉത്സവം ആചരിച്ചു. 9അവർ യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്ക് ഏഴുദിവസവും ഉത്സവത്തിന് ഏഴുദിവസവും ആഘോഷങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതിനാൽ എട്ടാംദിവസം സഭായോഗം കൂടി. 10ഏഴാംമാസം ഇരുപത്തിമൂന്നാംതീയതി അദ്ദേഹം ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിലേക്കു മടക്കി അയച്ചു. യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത നന്മകളെയും ഓർത്ത് ആനന്ദിച്ചും ആഹ്ലാദിച്ചും അവർ മടങ്ങിപ്പോയി.
യഹോവ ശലോമോനു പ്രത്യക്ഷനാകുന്നു
11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. 12അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു:
“ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.
13“മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, 14ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും. 15ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. 16എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
17“എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, 18‘ഇസ്രായേലിനെ ഭരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടിക്ക് അനുസൃതമായി ഞാൻ നിന്റെ രാജകീയ സിംഹാസനം സ്ഥിരപ്പെടുത്തും.
19“എന്നാൽ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവുകളും കൽപ്പനകളും ഉപേക്ഷിച്ചു പിന്മാറി അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം 20ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത എന്റെ രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. ഞാൻ ഇതു സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും. 21ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും. 22‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 7: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക