2 ദിനവൃത്താന്തം 2
2
ദൈവാലയ നിർമിതിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ
1യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു. 2അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.
3ശലോമോൻ സോർരാജാവായ ഹൂരാമിന്#2:3 ഹീരാം, ഹൂരാം എന്നതിന്റെ മറ്റൊരുരൂപം. ഒരു സന്ദേശമയച്ചു:
“എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക! 4യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.
5“ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും. 6സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?
7“ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.
8“ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും. 9അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്. 10തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ#2:10 ഏക. 3,600 ടൺ. ഗോതമ്പും 20,000 കോർ യവവും#2:10 ബാർലി അഥവാ, ബാർലരി 20,000 ബത്ത്#2:10 ഏക. 3,000 ടൺ. വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”
11സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി:
“യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
12ഹൂരാം തുടർന്നു:
“ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.
13“അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു. 14അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.
15“എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും#2:15 ബാർലി അഥവാ, ബാർലരി ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും! 16അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”
17ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു. 18അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിനവൃത്താന്തം 2: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.