2 ദിനവൃത്താന്തം 10
10
രെഹബെയാമിനെതിരേ ഇസ്രായേൽ
1രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി. 2ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി. 3അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: 4“അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
5“മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
6അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
7അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു.
8എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. 9“നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
10അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. 11എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”
12“മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു. 13വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു. 14യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു. 15ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു.
16രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്:
“ദാവീദിങ്കൽ നമുക്കെന്ത് ഓഹരി?
യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി?
ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ.
ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!”
അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 17എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
18നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ#10:18 മൂ.ഭാ. ഹദോരാം, അദോനിരാം എന്നതിന്റെ മറ്റൊരുരൂപം. രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു. 19ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിനവൃത്താന്തം 10: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.