1 ശമുവേൽ 20:1-11

1 ശമുവേൽ 20:1-11 MCV

അതിനുശേഷം ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുത്തെത്തി. “ഞാനെന്തു ചെയ്തു? എന്റെ കുറ്റമെന്ത്? എന്നെ കൊല്ലുന്നതിനു തക്കവണ്ണം ഞാൻ അങ്ങയുടെ പിതാവിനോട് എന്തു തെറ്റുചെയ്തു?” എന്ന് അദ്ദേഹം യോനാഥാനോടു ചോദിച്ചു. യോനാഥാൻ മറുപടി പറഞ്ഞു: “ഇല്ല, നീ മരിക്കുകയില്ല. എന്റെ പിതാവ് ചെറുതോ വലുതോ ആയ ഏതു കാര്യവും എന്നോടു രഹസ്യമായി ആലോചിക്കാതെ ചെയ്യാറില്ല. പിന്നെ ഇക്കാര്യം അദ്ദേഹം എന്നിൽനിന്ന് എന്തിനു മറയ്ക്കുന്നു? അതിനാൽ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല.” എന്നാൽ ദാവീദ് പിന്നെയും അദ്ദേഹത്തോട്: “അങ്ങേക്കു ഞാൻ ഏറ്റം പ്രിയമുള്ളവനാണെന്ന് അങ്ങയുടെ പിതാവിനു നല്ലതുപോലെ അറിയാം. ‘യോനാഥാൻ ഇക്കാര്യം അറിഞ്ഞ് ദുഃഖിക്കാതിരിക്കാൻ,’ അദ്ദേഹം ഇക്കാര്യം അറിയാതിരിക്കട്ടെ എന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാൽ, ജീവനുള്ള യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനുമിടയിൽ ഒരടിയകലംമാത്രമേയുള്ളൂ” എന്നു ശപഥംചെയ്തു. അപ്പോൾ യോനാഥാൻ ദാവീദിനോട്: “ഞാനെന്തുചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അതു ഞാൻ ചെയ്തുതരാം” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞു: “നോക്കൂ, നാളെ അമാവാസിയാകുന്നുവല്ലോ? രാജാവിനോടൊപ്പം ഞാനും പന്തിഭോജനം കഴിക്കേണ്ടതാണല്ലോ! എന്നാൽ മറ്റെന്നാൾ സന്ധ്യവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. അങ്ങയുടെ പിതാവ് എന്റെ അസാന്നിധ്യം മനസ്സിലാക്കുകയും എന്നെ അന്വേഷിക്കുകയുംചെയ്താൽ, ‘ബേത്ലഹേമിൽ തന്റെ പിതൃനഗരത്തിൽ തന്റെ കുലത്തിനെല്ലാം ഒരു വാർഷികബലി ഉള്ളതിനാൽ അവിടേക്കു പോകണമെന്ന് ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു’ എന്നു മറുപടി പറയണം. ‘കൊള്ളാം, പൊയ്ക്കൊള്ളട്ടെ,’ എന്ന് അദ്ദേഹം പറയുന്നപക്ഷം അങ്ങയുടെ ദാസനായ ഞാൻ സുരക്ഷിതനാണ്. എന്നാൽ അതിൽ അദ്ദേഹം കോപാകുലനായിത്തീർന്നെങ്കിൽ, അദ്ദേഹം എനിക്കു ദോഷം നിരൂപിച്ചിരിക്കുന്നു എന്ന് അങ്ങേക്കു മനസ്സിലാക്കാം. അങ്ങ് ഈ ദാസനോടു കരുണ കാണിക്കണം. നമ്മൾതമ്മിൽ യഹോവയുടെമുമ്പാകെ ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. എന്നിൽ കുറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ കൈകൊണ്ടുതന്നെ എന്നെ കൊന്നുകളയുക. എന്തിന് അങ്ങയുടെ പിതാവിന്റെ കൈയിൽ എന്നെ ഏൽപ്പിക്കണം.” “ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല,” യോനാഥാൻ പ്രതിവചിച്ചു. “എന്റെ പിതാവു നിനക്കു ദോഷം നിരൂപിക്കുന്നു എന്നതിന് ഒരു ചെറുസൂചനയെങ്കിലും കിട്ടിയാൽ ഞാനതു നിന്നെ അറിയിക്കാതിരിക്കുമോ?” “എന്നാൽ അങ്ങയുടെ പിതാവ് കഠിനമായി സംസാരിക്കുന്നെങ്കിൽ എന്നെ അത് ആരറിയിക്കും?” എന്നു ദാവീദ് ചോദിച്ചു. “വരൂ, നമുക്കു വയലിലേക്കു പോകാം,” എന്നു യോനാഥാൻ ദാവീദിനോട് പറഞ്ഞു. അങ്ങനെ അവരിരുവരും ഒരുമിച്ചു വയലിലേക്കുപോയി.