1 ശമൂവേൽ 20:1-11
1 ശമൂവേൽ 20:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോടു ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു. അവൻ അവനോട്: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്വാറില്ല; പിന്നെ ഈ കാര്യം എന്നെ മറപ്പാൻ സംഗതി എന്ത്? അങ്ങനെ വരികയില്ല എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോട്: എന്നോട് നിനക്കു പ്രിയമാകുന്നുവെന്ന് നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് അവൻ ഇതു ഗ്രഹിക്കരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോട്: നിന്റെ ആഗ്രഹം എന്ത്? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്ക് അനുവാദം തരേണം. നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്‍ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിനെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. കൊള്ളാമെന്ന് അവൻ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം. എന്നാൽ അങ്ങുന്ന് അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നുതന്നെ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം? അതിന് യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട്: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അത് ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോട്: വരിക, നമുക്ക് വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
1 ശമൂവേൽ 20:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് യോനാഥാന്റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: ” ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? എന്നെ കൊല്ലാൻ തക്കവിധം നിന്റെ പിതാവിനോടു ഞാൻ ചെയ്ത പാപം എന്ത്?” യോനാഥാൻ ദാവീദിനോടു പറഞ്ഞു: ” അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നിൽനിന്നു മറച്ചുവയ്‍ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.” ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാൻ ഇതു നീ അറിയേണ്ടാ എന്നു നിന്റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” യോനാഥാൻ അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം.” ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാൽ പതിവുപോലെ രാജാവിന്റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ ദാവീദു തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയുള്ള വാർഷിക യാഗത്തിൽ പങ്കെടുക്കാൻ തന്റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാൻ നിർബന്ധപൂർവം അനുവാദം അപേക്ഷിച്ചു എന്നു പറയണം. ‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാൽ അങ്ങയുടെ ദാസൻ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാൽ എന്നെ ഉപദ്രവിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂർവം പെരുമാറിയാലും. സർവേശ്വരന്റെ നാമത്തിൽ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാൻ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കിൽ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്റെ പിതാവിന്റെ അടുക്കലേക്കു കൊണ്ടുപോകണം?” യോനാഥാൻ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്റെ പിതാവ് നിന്നെ ഉപദ്രവിക്കാൻ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാൽ ഞാൻ അതു നിന്നോടു പറയാതിരിക്കുമോ?” “നിന്റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു. “നമുക്കു വയലിലേക്കു പോകാം” യോനാഥാൻ ദാവീദിനോടു പറഞ്ഞു; അങ്ങനെ അവർ വയലിലേക്കു പോയി.
1 ശമൂവേൽ 20:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: “ഞാൻ എന്ത് ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത്?” എന്നു ചോദിച്ചു യോനാഥാൻ അവനോട്: “അങ്ങനെ സംഭവിക്കുകയില്ല; എന്‍റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചുവയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്‍റെ പിതാവിന് നല്ലവണ്ണം അറിയാം. അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോട്: “നിന്റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട് പറഞ്ഞത്: “നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം. നിന്‍റെ പിതാവ് എന്നെ അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലഹേമിലേക്ക് ഒന്ന് പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. ശരി എന്നു അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ്; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം. എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നെ എന്നെ കൊല്ലുക; പിതാവിന്‍റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?” അതിന് യോനാഥാൻ: “അങ്ങനെ നിനക്ക് ഭവിക്കാതിരിക്കട്ടെ; എന്‍റെ പിതാവ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട്: “നിന്റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും?” എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോട്: “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു. അവർ വയലിലേക്ക് പോയി.
1 ശമൂവേൽ 20:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു. അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യം ചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം. നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം. കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം. എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം? അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
1 ശമൂവേൽ 20:1-11 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുത്തെത്തി. “ഞാനെന്തു ചെയ്തു? എന്റെ കുറ്റമെന്ത്? എന്നെ കൊല്ലുന്നതിനു തക്കവണ്ണം ഞാൻ അങ്ങയുടെ പിതാവിനോട് എന്തു തെറ്റുചെയ്തു?” എന്ന് അദ്ദേഹം യോനാഥാനോടു ചോദിച്ചു. യോനാഥാൻ മറുപടി പറഞ്ഞു: “ഇല്ല, നീ മരിക്കുകയില്ല. എന്റെ പിതാവ് ചെറുതോ വലുതോ ആയ ഏതു കാര്യവും എന്നോടു രഹസ്യമായി ആലോചിക്കാതെ ചെയ്യാറില്ല. പിന്നെ ഇക്കാര്യം അദ്ദേഹം എന്നിൽനിന്ന് എന്തിനു മറയ്ക്കുന്നു? അതിനാൽ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല.” എന്നാൽ ദാവീദ് പിന്നെയും അദ്ദേഹത്തോട്: “അങ്ങേക്കു ഞാൻ ഏറ്റം പ്രിയമുള്ളവനാണെന്ന് അങ്ങയുടെ പിതാവിനു നല്ലതുപോലെ അറിയാം. ‘യോനാഥാൻ ഇക്കാര്യം അറിഞ്ഞ് ദുഃഖിക്കാതിരിക്കാൻ,’ അദ്ദേഹം ഇക്കാര്യം അറിയാതിരിക്കട്ടെ എന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാൽ, ജീവനുള്ള യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനുമിടയിൽ ഒരടിയകലംമാത്രമേയുള്ളൂ” എന്നു ശപഥംചെയ്തു. അപ്പോൾ യോനാഥാൻ ദാവീദിനോട്: “ഞാനെന്തുചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അതു ഞാൻ ചെയ്തുതരാം” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞു: “നോക്കൂ, നാളെ അമാവാസിയാകുന്നുവല്ലോ? രാജാവിനോടൊപ്പം ഞാനും പന്തിഭോജനം കഴിക്കേണ്ടതാണല്ലോ! എന്നാൽ മറ്റെന്നാൾ സന്ധ്യവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. അങ്ങയുടെ പിതാവ് എന്റെ അസാന്നിധ്യം മനസ്സിലാക്കുകയും എന്നെ അന്വേഷിക്കുകയുംചെയ്താൽ, ‘ബേത്ലഹേമിൽ തന്റെ പിതൃനഗരത്തിൽ തന്റെ കുലത്തിനെല്ലാം ഒരു വാർഷികബലി ഉള്ളതിനാൽ അവിടേക്കു പോകണമെന്ന് ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു’ എന്നു മറുപടി പറയണം. ‘കൊള്ളാം, പൊയ്ക്കൊള്ളട്ടെ,’ എന്ന് അദ്ദേഹം പറയുന്നപക്ഷം അങ്ങയുടെ ദാസനായ ഞാൻ സുരക്ഷിതനാണ്. എന്നാൽ അതിൽ അദ്ദേഹം കോപാകുലനായിത്തീർന്നെങ്കിൽ, അദ്ദേഹം എനിക്കു ദോഷം നിരൂപിച്ചിരിക്കുന്നു എന്ന് അങ്ങേക്കു മനസ്സിലാക്കാം. അങ്ങ് ഈ ദാസനോടു കരുണ കാണിക്കണം. നമ്മൾതമ്മിൽ യഹോവയുടെമുമ്പാകെ ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. എന്നിൽ കുറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ കൈകൊണ്ടുതന്നെ എന്നെ കൊന്നുകളയുക. എന്തിന് അങ്ങയുടെ പിതാവിന്റെ കൈയിൽ എന്നെ ഏൽപ്പിക്കണം.” “ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല,” യോനാഥാൻ പ്രതിവചിച്ചു. “എന്റെ പിതാവു നിനക്കു ദോഷം നിരൂപിക്കുന്നു എന്നതിന് ഒരു ചെറുസൂചനയെങ്കിലും കിട്ടിയാൽ ഞാനതു നിന്നെ അറിയിക്കാതിരിക്കുമോ?” “എന്നാൽ അങ്ങയുടെ പിതാവ് കഠിനമായി സംസാരിക്കുന്നെങ്കിൽ എന്നെ അത് ആരറിയിക്കും?” എന്നു ദാവീദ് ചോദിച്ചു. “വരൂ, നമുക്കു വയലിലേക്കു പോകാം,” എന്നു യോനാഥാൻ ദാവീദിനോട് പറഞ്ഞു. അങ്ങനെ അവരിരുവരും ഒരുമിച്ചു വയലിലേക്കുപോയി.