1 കൊരിന്ത്യർ 1:10-17

1 കൊരിന്ത്യർ 1:10-17 MCV

സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേ തർക്കവിതർക്കങ്ങൾ ഉണ്ടെന്നു ക്ലോവയുടെ ബന്ധുക്കളിൽ ചിലർ എന്നെ അറിയിച്ചു. അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നോ? പൗലോസാണോ നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? പൗലോസിന്റെ നാമത്തിലോ നിങ്ങൾ സ്നാനം സ്വീകരിച്ചത്? ക്രിസ്പൊസിനും ഗായൊസിനും ഒഴികെ നിങ്ങളിൽ മറ്റാർക്കും ഞാൻ സ്നാനം നൽകിയിട്ടില്ലാത്തതിനാൽ ദൈവത്തിന് സ്തോത്രംചെയ്യുന്നു. അതുകൊണ്ട് എന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു എന്ന് നിങ്ങളിൽ ആർക്കും പറയാൻ കഴിയുകയില്ല. അല്ല, സ്തെഫാനൊസിന്റെ വീട്ടുകാരെയുംകൂടി ഞാൻ സ്നാനം കഴിപ്പിച്ചിട്ടുണ്ട്; മറ്റാർക്കെങ്കിലും സ്നാനം ഞാൻ നൽകിയിട്ടുള്ളതായി ഓർക്കുന്നില്ല. ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.