ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു: യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു. (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്). അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ, ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു. ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു. കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു. യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു. രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി. അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു. ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്. എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും യോക്മെയാമും ബേത്-ഹോരോനും അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി. ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 6:54-81
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ