1 ദിനവൃത്താന്തം 18
18
ദാവീദിന്റെ വിജയങ്ങൾ
1കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.
2ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം#18:2 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. കൊടുത്തു.
3കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി. 4അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
5ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. 6അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
7ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. 8ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും#18:8 തേബാഹ്, തിബ്ഹാ എന്നതിന്റെ മറ്റൊരുരൂപം. കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.
9ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി#18:9 തൂ, തോയി എന്നതിന്റെ മറ്റൊരുരൂപം. കേട്ടപ്പോൾ, 10ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ#18:10 യോരാം, ഹദോരാം എന്നതിന്റെ മറ്റൊരുരൂപം. അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
11താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.
12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു. 13അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
ദാവീദിന്റെ ഉദ്യോഗസ്ഥർ
14തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
15സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും
അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
16അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും#18:16 ചി.കൈ.പ്ര. അബിമെലേക്ക്; 2 ശമു. 8:17 കാണുക. പുരോഹിതന്മാരും
ശവ്ശാ ലേഖകനും#18:16 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ആയിരുന്നു.
17യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു.
ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ദിനവൃത്താന്തം 18: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.