1 ദിനവൃത്താന്തം 13
13
പേടകം തിരിച്ചുകൊണ്ടുവരുന്നു
1ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും, അങ്ങനെ തന്റെ അധിപതിമാരിൽ ഓരോരുത്തരോടും കൂടിയാലോചിച്ചു. 2അതിനുശേഷം ദാവീദ് ഇസ്രായേലിന്റെ സർവസഭയോടുമായി പറഞ്ഞത്: “ഞാൻ ഈ പറയുന്നത് നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആണെങ്കിൽ, ഇസ്രായേൽദേശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും നഗരങ്ങളിലും മേച്ചിൽപ്പുറങ്ങളിലും അവരോടൊപ്പം കഴിയുന്ന പുരോഹിതന്മാരെയും ലേവ്യരെയും നമുക്ക് ആളയച്ച് ഇവിടെ കൂട്ടിവരുത്താം. 3നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരാം. ശൗലിന്റെ ഭരണകാലത്ത് നാം അതിനെപ്പറ്റി പരിഗണിച്ചില്ലല്ലോ!” 4ജനങ്ങൾക്കെല്ലാം അതു ശരിയായിത്തോന്നി, അതുകൊണ്ട് ആ സഭ ഒന്നടങ്കം അപ്രകാരം ചെയ്യാൻ സമ്മതിച്ചു.
5അങ്ങനെ ദാവീദ് ദൈവത്തിന്റെ പേടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിനായി ഈജിപ്റ്റിലെ സീഹോർനദിമുതൽ ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംവരെയുള്ള ഇസ്രായേല്യരെ ആകമാനം വിളിച്ചുവരുത്തി. 6കെരൂബുകളുടെ#13:6 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമായ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന പേടകം കൊണ്ടുവരുന്നതിനായി ദാവീദ് ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് യെഹൂദ്യയിലെ കിര്യത്ത്-യെയാരീം എന്നറിയപ്പെടുന്ന ബാലായിൽച്ചെന്നു.
7അവർ ദൈവത്തിന്റെ പേടകം അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. 8ദാവീദും ഇസ്രായേല്യരെല്ലാവരും ദൈവസന്നിധിയിൽ സർവശക്തിയോടുംകൂടെ കിന്നരം, വീണ, തപ്പ്, ഇലത്താളം, കാഹളം എന്നിവ ഉപയോഗിച്ച് പാട്ടു പാടിയും നൃത്തംചെയ്തും അനുഗമിച്ചിരുന്നു.
9അവർ കീദോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ പേടകം പിടിക്കാൻ കൈനീട്ടി. 10യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു. അവൻ പേടകം തൊട്ടതിനാൽ യഹോവ അയാളെ സംഹരിച്ചു. അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുവീണു.
11യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി.#13:11 മൂ.ഭാ. കോപാകുലനായി ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ#13:11 ഉസ്സയുടെനേരേ ആക്രമണം എന്നർഥം. എന്നു വിളിച്ചുവരുന്നു.
12അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടു. “ദൈവത്തിന്റെ പേടകം എന്റെ അടുത്തേക്കു ഞാൻ എങ്ങനെ കൊണ്ടുവരും,” എന്ന് അദ്ദേഹം ചോദിച്ചു. 13പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു. 14ദൈവത്തിന്റെ പേടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ മൂന്നുമാസം ഇരുന്നു. അതുകൊണ്ട് യഹോവ അദ്ദേഹത്തിന്റെ ഭവനത്തെയും അദ്ദേഹത്തിനുള്ള സകലതിനെയും അനുഗ്രഹിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ദിനവൃത്താന്തം 13: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.