സങ്കീർത്തനങ്ങൾ 78:40-72

സങ്കീർത്തനങ്ങൾ 78:40-72 വേദപുസ്തകം

മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്കു ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.