സങ്കീർത്തനങ്ങൾ 146

146
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവയെ സ്തുതിപ്പിൻ;
എൻ മനമേ, യഹോവയെ സ്തുതിക്ക.
2ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു;
സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു;
അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5യാക്കോബിന്റെ ദൈവം സഹായമായി
തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6 # അപ്പൊ. പ്രവൃത്തികൾ 4:24; 14:15 അവൻ ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സകലവും ഉണ്ടാക്കി;
അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;
വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9യഹോവ പരദേശികളെ പരിപാലിക്കുന്നു;
അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
10യഹോവ എന്നേക്കും വാഴും;
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.
യഹോവയെ സ്തുതിപ്പിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 146: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക