സങ്കീർത്തനങ്ങൾ 105

105
1യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ;
അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
2അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ;
അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
3അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;
അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
5അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും
അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
6അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും
അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
7അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;
അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.
8അവൻ തന്റെ നിയമത്തെ എന്നേക്കും
താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
9 # ഉല്പത്തി 12:7; 17:8; ഉല്പത്തി 26:3 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും
യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
10 # ഉല്പത്തി 28:13 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും
യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
11നിന്റെ അവകാശത്തിന്റെ ഓഹരിയായി
ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.
12അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും
അവിടെ പരദേശികളും ആയിരുന്നു.
13അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും
ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
14 # ഉല്പത്തി 20:3-7 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;
അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
15എന്റെ അഭിഷിക്തന്മാരെ തൊടരുതു,
എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
16 # ഉല്പത്തി 41:53-57 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി;
അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17 # ഉല്പത്തി 37:28; 45:5 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു;
യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18 # ഉല്പത്തി 39:20—40:23 യഹോവയുടെ വചനം നിവൃത്തിയാകയും
അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
19അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും
അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20 # ഉല്പത്തി 41:14 രാജാവു ആളയച്ചു അവനെ വിടുവിച്ചു;
ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21 # ഉല്പത്തി 41:39-41 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും
അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22തന്റെ ഭവനത്തിന്നു അവനെ കർത്താവായും
തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
23 # ഉല്പത്തി 46:6; ഉല്പത്തി 47:11 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു;
യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
24 # പുറപ്പാടു 1:7-14 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും
അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും
അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26 # പുറപ്പാടു 3:1—4:17 അവൻ തന്റെ ദാസനായ മോശെയെയും
താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും
ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28 # പുറപ്പാടു 10:21-23 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി;
അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
29 # പുറപ്പാടു 7:17-21 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി,
അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30 # പുറപ്പാടു 8:1-6 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
31 # പുറപ്പാടു 8:20-24; പുറപ്പാടു 8:16,17 അവൻ കല്പിച്ചപ്പോൾ നായീച്ചയും
അവരുടെ ദേശത്തെല്ലാം പേനും വന്നു;
32 # പുറപ്പാടു 9:22-25 അവൻ അവർക്കു മഴെക്കു പകരം കൽമഴയും
അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
33അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;
അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34 # പുറപ്പാടു 10:12-15 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36 # പുറപ്പാടു 12:29 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും
അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
37 # പുറപ്പാടു 12:33-36 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു;
അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു;
അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
39 # പുറപ്പാടു 13:21,22 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു;
രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
40 # പുറപ്പാടു 16:2-15 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;
സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
41 # പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;
അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
43അവൻ തന്റെ ജനത്തെ സന്തോഷത്തോടും
താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
44 # യോശുവ 11:16-23 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും
തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
45അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു;
അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു.
യഹോവയെ സ്തുതിപ്പിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 105: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക