28
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം. 3നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു. 4ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം. 5ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം. 6ഇതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. 7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവെക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം. 8മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
9ശബ്ബത്ത്നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം. 10നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും 12കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും 13കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നേ. 14അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. 15നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.
16 #
പുറപ്പാടു 12:1-13; ആവർത്തനപുസ്തകം 16:1,2 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു. 17#പുറപ്പാടു 12:14-20; 23:15; 34:18; ആവർത്തനപുസ്തകം 16:3-8ആ മാസം പതിനഞ്ചാം തിയ്യതി പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. 18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 19എന്നാൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. 20അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും 21ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം. 22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം. 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം. 24ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം. 25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
26 #
പുറപ്പാടു 23:16; 34:22; ആവർത്തനപുസ്തകം 16:9-12 വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 27എന്നാൽ നിങ്ങൾ യഹോവെക്കു സൗരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം. 28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും 29ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും 30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം. 31നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.