ലൂക്കൊസ് 5:1-16

ലൂക്കൊസ് 5:1-16 വേദപുസ്തകം

അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു:ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി. അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു. എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു. അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.