എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു. യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും? നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു. നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു. യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു. അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.
വിലാപങ്ങൾ 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: വിലാപങ്ങൾ 2:11-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ