24
1സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?
2ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.
3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;
ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ
ഇര തേടി വേലെക്കു പുറപ്പെടുന്നു;
ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.
6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു;
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
കുളിരിൽ അവർക്കു പുതപ്പും ഇല്ല.
8അവർ മലകളിൽ മഴ നനയുന്നു;
മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു;
ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു;
മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു;
ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.
13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;
അതിന്റെ വഴികളെ അറിയുന്നില്ല;
അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;
രാത്രിയിൽ കള്ളനായി നടക്കുന്നു.
15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു;
അവൻ മുഖം മറെച്ചു നടന്നു
ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;
പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു;
വെളിച്ചത്തു ഇറങ്ങുന്നതുമില്ല. 17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ;
അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;
അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;
മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും
പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.
20ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്നു രസിക്കും;
പിന്നെ ആരും അവനെ ഓർക്കയില്ല;
നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
വിധവെക്കു നന്മ ചെയ്യുന്നതുമില്ല.
22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;
ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു;
എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.
24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല;
അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;
കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും
എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?