33
1സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും. 2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. 3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി. 4നിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും. 5യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവൻ വസിക്കുന്നതു; അവൻ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു. 6നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും. 7ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു. 8പെരുവഴികൾ ശൂന്യമായ്ക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല. 9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 10ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. 11നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും. 12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.
13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ. 14സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും? 15നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ; 16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല. 17നിന്റെ കണ്ണു രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും. 18പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. 19നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല. 20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. 21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോകയുമില്ല. 22യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും. 23നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും. 24എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.