യെശയ്യാവു 26:3-13

യെശയ്യാവു 26:3-13 വേദപുസ്തകം

സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും. ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല. യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.