ആവർത്തനപുസ്തകം 15:7-11

ആവർത്തനപുസ്തകം 15:7-11 വേദപുസ്തകം

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.