ആവർത്തനപുസ്തകം 15:7-11
ആവർത്തനപുസ്തകം 15:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരേ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും, നിന്റെ കൈ അവനുവേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
ആവർത്തനപുസ്തകം 15:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കാൻ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തിൽ സ്വജനത്തിൽ ഒരുവൻ ദരിദ്രനാണെങ്കിൽ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്. അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം. വിമോചനവർഷമായ ഏഴാം വർഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാൻ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടാകുകപോലും അരുത്. അയാൾക്ക് കടം കൊടുക്കാതിരുന്നാൽ അയാൾ നിങ്ങൾക്ക് എതിരായി സർവേശ്വരനോടു നിലവിളിക്കും; അതു നിങ്ങൾക്ക് പാപമായിത്തീരുകയും ചെയ്യും. നിങ്ങൾ ഉദാരമായി അയാൾക്ക് കൊടുക്കുക; കൊടുക്കുന്നതിൽ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും. ദരിദ്രർ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാൻ ആജ്ഞാപിക്കുന്നു
ആവർത്തനപുസ്തകം 15:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതെങ്കിലും പട്ടണത്തിൽ ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവന്‍റെനേരെ നിന്‍റെ ഹൃദയം കഠിനമാക്കാതെ, നിന്‍റെ കൈ അവനുവേണ്ടി തുറന്ന് അവന്‍റെ ബുദ്ധിമുട്ടിന് ആവശ്യമായ വായ്പ കൊടുക്കേണം. വിമോചനവർഷമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നു നിന്‍റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദ്ദയമായിരിക്കുകയും അവനു ഒന്നും കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്കു പാപമായി തീരാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നീ അവനു കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോവുകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
ആവർത്തനപുസ്തകം 15:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
ആവർത്തനപുസ്തകം 15:7-11 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.