അപ്പൊ. പ്രവൃത്തികൾ 2:14-21

അപ്പൊ. പ്രവൃത്തികൾ 2:14-21 വേദപുസ്തകം

അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”