സെഖ. 10
10
യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു
1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ;
യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ;
അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി
മാരി പെയ്യിച്ചുകൊടുക്കും.
2ഗൃഹബിംബങ്ങൾ മിഥ്യാത്വം#10:2 മിഥ്യ മായ, യഥാര്ഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം. സംസാരിക്കുകയും
ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു
വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു;
അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.
3“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു;
ഞാൻ നായകന്മാരെ#10:3 നായകന്മാരെ കോലാട്ടുകൊറ്റന്മാരെ ശിക്ഷിക്കും;
സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച്
അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
4അവന്റെ പക്കൽനിന്ന് മൂലക്കല്ലും
അവന്റെ പക്കൽനിന്ന് ആണിയും
അവന്റെ പക്കൽനിന്ന് പടവില്ലും
അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.
5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും;
യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.
6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും
യോസേഫ് ഗൃഹത്തെ രക്ഷിക്കുകയും
എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും;
ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും;
ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ;
ഞാൻ അവർക്ക് ഉത്തരമരുളും.
7എഫ്രയീമ്യർ വീരനെപ്പോലെയാകും;
അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും;
അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും;
അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും#10:8 ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം. ;
അവർ പെരുകിയിരുന്നതുപോലെ പെരുകും.
9ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും;
ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും;
അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.
10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും;
അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും;
ഗിലെയാദ്ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും;
അവർക്ക് ഇടം പോരാതെവരും.
11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു,
സമുദ്രത്തിലെ ഓളങ്ങളെ അടിക്കും;
നീലനദിയുടെ#10:11 നീലനദിയുടെ നൈൽ നദി. ആഴങ്ങളെല്ലാം വറ്റിപ്പോകുകയും
അശ്ശൂരിന്റെ അഹങ്കാരം താഴുകയും
മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.
12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും;
അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും”
എന്നു യഹോവയുടെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖ. 10: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.