ഉത്ത. 6
6
തോഴിമാർ
1സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ,
നിന്‍റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്‍റെ പ്രിയൻ ഏതു വഴിക്ക് തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
മണവാട്ടി
2തോട്ടങ്ങളിൽ മേയിക്കുവാനും
താമരപ്പൂക്കൾ പറിക്കുവാനും
എന്‍റെ പ്രിയൻ തന്‍റെ തോട്ടത്തിൽ
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
3ഞാൻ എന്‍റെ പ്രിയനുള്ളവൾ;
എന്‍റെ പ്രിയൻ എനിക്കുള്ളവൻ;
അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
ഗീതം അഞ്ച്
മണവാളൻ
4എന്‍റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ;
യെരൂശലേംപോലെ മനോഹരി,
കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം.
5നിന്‍റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക;
അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;
നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
6നിന്‍റെ പല്ല് കുളിച്ച് കയറി വരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ട പ്രസവിക്കുന്നു.
7നിന്‍റെ ചെന്നികൾ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളിൽ
മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു.
8അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും
അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
9എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം;
അവൾ തന്‍റെ അമ്മയ്ക്ക് ഏകപുത്രിയും
തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു;
കന്യകമാർ അവളെ കണ്ടു ‘ഭാഗ്യവതി’ എന്നു വാഴ്ത്തും;
രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
10അരുണോദയംപോലെ ശോഭയും
ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും
കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
മണവാട്ടി
11ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും
മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ
എന്നു നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12എന്‍റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ
എന്‍റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
തോഴിമാർ
13അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;
മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ!
മണവാട്ടി
മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ
ശൂലേംകാരിയെ നിങ്ങൾ എന്തിന് മിഴിച്ചുനോക്കുന്നു?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉത്ത. 6: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.