രൂത്ത് 3
3
രൂത്ത് മെതിക്കളത്തില്‍ പോകുന്നു
1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: “മകളേ, നിന്‍റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? 2നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി മെതിക്കളത്തിൽ യവം പാറ്റുന്നു. 3ആകയാൽ നീ കുളിച്ച് തൈലം പൂശി നല്ല വസ്ത്രം ധരിച്ചു മെതിക്കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയും വരെ നിന്നെ കാണരുത്. 4അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക. എന്നിട്ട് അവന്‍റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.”
5അതിന് അവൾ: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു അവളോടു പറഞ്ഞു. 6അങ്ങനെ അവൾ മെതിക്കളത്തിൽ ചെന്നു അമ്മാവിയമ്മ പറഞ്ഞതുപോലെയൊക്കെയും ചെയ്തു.
7ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്‍റെ ഒരു വശത്ത് ചെന്നു കിടന്നു. അവളും സാവധാനം ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു. 8അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാല്‍ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. “നീ ആരാകുന്നു?” എന്നു അവൻ ചോദിച്ചു.
9“ഞാൻ നിന്‍റെ ദാസിയായ രൂത്ത്, നിന്‍റെ പുതപ്പിന്‍റെ അറ്റം എന്‍റെ മേൽ ഇടേണമേ, നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ”#3:9 വീണ്ടെടുപ്പുകാരനാണല്ലോ നീ എന്നെ വീണ്ടെടുക്കുവാന്‍ തക്കവണ്ണം ഏറ്റവും അടുത്ത ബന്ധു ആയതുകൊണ്ട് എന്നേ വിവാഹം ചെയ്യേണമേ എന്ന് അവൾ പറഞ്ഞു.
10അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. 12ഞാൻ നിന്‍റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്. 13ഈ രാത്രി താമസിക്ക, നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്‍റെ ചുമതല നിർവഹിച്ചാൽ നന്ന്, അവൻ അത് ചെയ്യട്ടെ. അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും. രാവിലെവരെ കിടന്നുകൊൾക.”
14അങ്ങനെ അവൾ രാവിലെവരെ അവന്‍റെ കാല്ക്കൽ കിടന്നു. ഒരു സ്ത്രീ മെതിക്കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പെ അവൾ എഴുന്നേറ്റു. 15നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ ആറു ഇടങ്ങഴി യവം#3:15 ആറു ഇടങ്ങഴി യവം 24 കിലോഗ്രാം യവം അതിൽ അളന്നുകൊടുത്തു. അവൾ പട്ടണത്തിലേക്ക് പോയി.
16അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: “നിന്‍റെ കാര്യം എന്തായി മകളേ” എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. 17അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറു ഇടങ്ങഴി യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
18അതിന് അവൾ: “എന്‍റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
രൂത്ത് 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.