അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്ക് പാപത്തിന്‍റെയും മരണത്തിൻ്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്‍റെ സ്വന്തപുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു. ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചുനടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ. ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നെ. ജഡത്തിൻ്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടപ്പെട്ടവർ. നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവത്തിന്‍റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്‍റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്‍റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നെ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും.
റോമ. 8 വായിക്കുക
കേൾക്കുക റോമ. 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമ. 8:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ