റോമ. 8:1-10

റോമ. 8:1-10 IRVMAL

അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്ക് പാപത്തിന്‍റെയും മരണത്തിൻ്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്‍റെ സ്വന്തപുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു. ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചുനടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ. ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നെ. ജഡത്തിൻ്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.

റോമ. 8:1-10 - നുള്ള വീഡിയോ