റോമ. 6
6
ക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം
1ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്. 2പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? 3അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ.
5അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും. 6നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു. 8നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്‍റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു. 11അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
12ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്‍റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്, 13നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ. 14നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
15എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്. 16നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്‍റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിൻ്റെ ദാസന്മാർ തന്നെ. 17എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്, 18പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
19നിങ്ങളുടെ ജഡത്തിൻ്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ 20നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ. 21നിങ്ങൾക്ക് അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നെ. അതിന്‍റെ അനന്തരഫലം മരണമാകുന്നു. 22എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അനന്തരഫലം നിത്യജീവനും ആകുന്നു. 23പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
റോമ. 6: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.