റോമ. 2:17-29

റോമ. 2:17-29 IRVMAL

നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്‍റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും ജ്ഞാനത്തിൻ്റെയും സത്യത്തിൻ്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ, അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? “നിങ്ങൾ നിമിത്തം ദൈവത്തിന്‍റെ നാമം ജനതകളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചർമ്മമായിത്തീരുന്നു. അങ്ങനെയെങ്കിൽ, അഗ്രചർമ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? സ്വാഭാവികമായി അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ? പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല; അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച ലഭിക്കും.

റോമ. 2:17-29 - നുള്ള വീഡിയോ