യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ; അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ. ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ. യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്നു അവർ പറയുന്നു. ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. എന്‍റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
സങ്കീ. 71 വായിക്കുക
കേൾക്കുക സങ്കീ. 71
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 71:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ