സങ്കീ. 60:5-12

സങ്കീ. 60:5-12 IRVMAL

അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. ദൈവം തന്‍റെ വിശുദ്ധസ്ഥലത്ത് അരുളിച്ചെയ്തു: “ഞാൻ ആഹ്ളാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും. ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ ശിരോകവചവും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു. മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും; ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു!” ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും? ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല. വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലോ. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.