സങ്കീ. 19:7-14

സങ്കീ. 19:7-14 IRVMAL

യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. തന്‍റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ. സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; അവ എന്‍റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും. എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും അങ്ങേയ്ക്കു പ്രസാദമായിരിക്കട്ടെ.