സങ്കീ. 139:1-14

സങ്കീ. 139:1-14 IRVMAL

യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്‍റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു. എന്‍റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; എന്‍റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു. യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്‍റെ നാവിൽ ഇല്ല. അങ്ങ് എന്‍റെ മുമ്പും പിമ്പും അടച്ച് അങ്ങേയുടെ കൈ എന്‍റെ മേൽ വച്ചിരിക്കുന്നു. ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; പാതാളത്തിൽ എന്‍റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ അവിടെയും അങ്ങേയുടെ കൈ എന്നെ നടത്തും; അങ്ങേയുടെ വലങ്കൈ എന്നെ പിടിക്കും. “ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്‍റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ. അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു.