സങ്കീ. 109
109
പീഡിതന്റെ പരാതി
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
2ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു;
ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
3അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ്
കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
4എന്റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു;
എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും
അവർ എന്നോട് കാണിച്ചിരിക്കുന്നു.
6അവര് പറയുന്നു: ”അങ്ങ് അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ;
സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ;
അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
8അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ;
അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
9അവന്റെ മക്കൾ അനാഥരും
അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
10അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ;
അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
11കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ;
അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ;
അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
13അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ;
അടുത്ത തലമുറയിൽ തന്നെ അവരുടെ പേര് മാഞ്ഞു പോകട്ടെ;
14അവന്റെ പൂര്വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ;
അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15അവ എല്ലായ്പ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ;
അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ.
16അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ;
എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
17ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ;
അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു;
അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
19ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും
നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.”
20ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും
യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
21കർത്താവായ യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നോട് ചെയ്യേണമേ;
അങ്ങേയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കേണമേ.
22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു;
എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;
വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
24എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു.
എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
25ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു;
എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
26എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ;
അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
27യഹോവേ, ഇതു അങ്ങേയുടെ കൈ എന്നും
അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ.
28അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കേണമേ;
അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങേയുടെ ദാസനായ
അടിയനോ സന്തോഷിക്കും;
29എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ;
പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും.
30ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും;
അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ ദൈവത്തെ പുകഴ്ത്തും.
31ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം
ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 109: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.