സങ്കീ. 104
104
സ്രഷ്ടാവിനെ സ്തുതിപ്പിന്‍
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ;
മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;
2വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു;
തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.
3ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;
മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും
അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു#104:4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു യഹോവ കാറ്റുകളെ തന്‍റെ ശുശ്രൂഷകന്മാരും അഗ്നിജ്വാലയെ തന്‍റെ ദൂതന്മാരും ആക്കുന്നു.
5അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ
അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
6അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
7അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി;
അങ്ങേയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി
8മലകൾ പൊങ്ങി, താഴ്വരകൾ താണു
അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
9ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്
അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര്‍ ഇട്ടു.
10ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;
അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
11അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13ദൈവം ആകശത്തില്‍ നിന്ന്#104:13 ദൈവം ആകശത്തില്‍ നിന്ന് ദൈവം തന്‍റെ മാളികകളിൽ മലകളെ നനയ്ക്കുന്നു;
ഭൂമിക്ക് അങ്ങേയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും
മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15ദൈവം ഭൂമിയിൽനിന്ന് ആഹാരവും
മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും
അവന്‍റെ മുഖം മിനുക്കുവാൻ എണ്ണയും
മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;
കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18ഉയർന്നമലകൾ കാട്ടാടുകൾക്കും
പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;
സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു.
20അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
21ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;
അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു;
സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ.
24യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു;
ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
26അതിൽ കപ്പലുകൾ ഓടുന്നു;
അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ#104:26 ലിവ്യാഥാൻ സങ്കീ: 74:14 നോക്കുക ഉണ്ട്.
27തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്
ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.
28അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു
തൃക്കൈ തുറക്കുമ്പോൾ
അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
29തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു;
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
30അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.
31യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ;
യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;
അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.
33എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;
ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും.
34എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ;
ഞാൻ യഹോവയിൽ സന്തോഷിക്കും.
35പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;
എൻ മനമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ സ്തുതിക്കുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 104: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.