സങ്കീ. 103:13-22

സങ്കീ. 103:13-22 IRVMAL

അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു. മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. കർത്താവിന്‍റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്തു ആചരിക്കുന്നവർക്കും തന്നെ. യഹോവ തന്‍റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു. ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ