സദൃ. 30

30
ആഗൂരിന്‍റെ വചനങ്ങൾ
1യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ;
ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്:
“ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു#30:1 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു ഇതിന്‍റെ എബ്രായ പദം “ഊക്കാല്‍” എന്നാണ്.
2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു;
മാനുഷീകബുദ്ധി എനിക്കില്ല;
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല.
4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍?
കാറ്റിനെ തന്‍റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍?
വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍?
ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍?
അവന്‍റെ പേരെന്ത്?
അവന്‍റെ മകന്‍റെ പേരെന്ത്?
നിനക്കറിയാമോ?
5ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;
തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.
6അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്;
അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്.
7രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു;
ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ;
8വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ
നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
9ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും
ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.
10ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്;
അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
11അപ്പനെ ശപിക്കുകയും
അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!
12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും
അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -
അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -
14എളിയവരെ ഭൂമിയിൽനിന്നും
ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം
മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!
15കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്;
ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്;
‘മതി’ എന്നു പറയാത്തത് നാലുണ്ട്:
16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും
വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും
‘മതി’ എന്നു പറയാത്ത തീയും തന്നെ.
17അപ്പനെ പരിഹസിക്കുകയും
അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ
തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും
കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
18എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്;
എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്:
19ആകാശത്ത് കഴുകന്‍റെ വഴിയും
പാറമേൽ സർപ്പത്തിന്‍റെ വഴിയും
സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും
കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ:
അവൾ തിന്നു വായ് തുടച്ചിട്ട്,
‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
21മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു;
നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ:
22ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും
ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും
23വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്:
25ഉറുമ്പ് ബലഹീനജാതി എങ്കിലും
അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു.
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും
അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും
അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും #30:28 പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും തന്‍റെ സ്വന്തം കൈകൊണ്ട് വല നെയ്യുന്ന ചിലന്തിയെ കൈകൊണ്ട് പിടിക്കാം എങ്കിലും
അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
29ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്;
ചന്തമായി നടക്കുന്നത് നാലുണ്ട്:
30മൃഗങ്ങളിൽ ശക്തിയേറിയതും
ഒന്നിനും വഴിമാറാത്തതുമായ സിംഹവും
31ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും#30:31 പൂവന്‍കോഴിയും യുദ്ധകുതിരയും കോലാട്ടുകൊറ്റനും
സൈന്യസമേതനായ രാജാവും തന്നെ.
32നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ
ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ
കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
33പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും;
മൂക്കു ഞെക്കിയാൽ ചോര വരും;
കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സദൃ. 30: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക