മർക്കൊ. 3
3
യേശു ശബ്ബത്തിൽ സൗഖ്യമാക്കുന്നു.
1യേശു പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 2അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
3വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: “എഴുന്നേറ്റു നടുവിൽ നില്ക്ക“ എന്നു പറഞ്ഞു. 4പിന്നെ അവരോട്: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം?” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. 6ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിനു അവനു വിരോധമായി ആലോചന കഴിച്ചു.
യേശു അനേകരെ സൗഖ്യമാക്കുന്നു.
7യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; 8യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
9പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. 10അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. 11അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു. 12തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു.
പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്നു.
13പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. 14അവൻ പന്ത്രണ്ടുപേരെ നിയമിച്ച് അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയക്കുവാനും 15ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു. 16ശിമോനു പത്രൊസ് എന്നു പേരിട്ടു; 17സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു — 18അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ, 19തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നെ.
യേശുവും ബെയെത്സെബൂലും
20പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു. 21അവന്റെ കുടുംബക്കാർ അതു കേട്ട്, “അവനു ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
22യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
23അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: “സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? 24ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല. 25ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. 26സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. 27ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം. 28മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; 29എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” 30തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
യേശുവിന്റെ അമ്മയും സഹോദരങ്ങളും.
31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു. 32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
33അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ?“ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: 34“എന്റെ അമ്മയും സഹോദരന്മാരും ഇതാ. 35ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു“ എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മർക്കൊ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.