അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്‍റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോടു ചോദിച്ചു. അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു. യേശു അവനെ നോക്കി അവനെ സ്നേഹിച്ചു:ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! എന്നു പറഞ്ഞു. അവന്‍റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യരാൽ അസാദ്ധ്യം തന്നെ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു. പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
മർക്കൊ. 10 വായിക്കുക
കേൾക്കുക മർക്കൊ. 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊ. 10:17-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ