മർക്കൊ. 10:13-31

മർക്കൊ. 10:13-31 IRVMAL

അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വച്ച്, അവരെ അനുഗ്രഹിച്ചു. അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്‍റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോടു ചോദിച്ചു. അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു. യേശു അവനെ നോക്കി അവനെ സ്നേഹിച്ചു:ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! എന്നു പറഞ്ഞു. അവന്‍റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യരാൽ അസാദ്ധ്യം തന്നെ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു. പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യേശു: എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നെ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.