മത്താ. 7:1-14

മത്താ. 7:1-14 IRVMAL

നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്‍റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്‍റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്‍റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും. യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും. യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.