മത്താ. 25:15-29

മത്താ. 25:15-29 IRVMAL

അവരിൽ ഒരുവന് അഞ്ചു താലന്തു, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു. അങ്ങനെ തന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി. ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അവന്‍റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ് ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്തു നിലത്തു മറച്ചുവച്ചു; ഇതാ, നിനക്കു അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു. അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്‍റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്‍റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആകയാൽ ആ താലന്തു അവന്‍റെ പക്കൽനിന്ന് എടുത്തു പത്തു താലന്തു ഉള്ളവന് കൊടുക്കുവിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും.